സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തി; സ്വർണ കൊന്ത സമർപ്പിച്ചു

Saturday 15 June 2024 9:37 AM IST

തൃശൂർ: ലൂർദ് പള്ളിയിൽ സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബി ജെ പി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എത്തിയത്. സുരേഷ് ഗോപി പള്ളിയിലേക്ക് വരുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, കൊന്ത സമർപ്പിക്കുന്ന കാര്യം ആരോടും പങ്കുവച്ചിരുന്നില്ലെന്നാണ് വിവരം. ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ബൊക്കെ നൽകിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടർന്ന് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു.എല്ലാവരുടെയും അനുമതിയോടെ മാതാവിനെ സ്വർണ കൊന്ത അണിയിക്കുകയും ചെയ്‌തു.

നേരത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ സുരേഷ്‌ ഗോപി പുഷ്പാർച്ചന നടത്തിയിരുന്നു. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി അവിടെ നിന്ന് ഭക്ഷണം കഴിച്ച്, പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. തുടർന്ന് അവിടെ നിന്ന് ലൂർദ് പള്ളിയിലേക്ക് വരികയായിരുന്നു.


കഴിഞ്ഞ ജനുവരിയിൽ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമെത്തിയായിരുന്നു കിരീടം സമർപ്പിച്ചത്. എന്നാൽ ഇത് വിവാദമാകുകയും ചെയ്‌തിരുന്നു. കിരീടത്തിന്റെ തൂക്കം സംബന്ധിച്ചായിരുന്നു ആക്ഷേപമുയർന്നത്.

ഇതുമായി ബന്ധപ്പെട്ട് ആക്ഷേപമുന്നയിക്കുന്നവർ കരുവന്നൂരിലേക്ക് പോകണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ താൻ വീണ്ടും ലൂർദ് പള്ളിയിൽ പോകുമെന്നും പത്ത് ലക്ഷം രൂപയുടെ സ്വർണ കിരീടം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement
Advertisement