ഇക്കാര്യം പുറത്താരോടും പറയരുതെന്ന് പറഞ്ഞ് ചട്ടം കെട്ടി, ആ ദിവസങ്ങളിൽ മമ്മൂക്ക ഭയങ്കര ടെൻഷനിലായിരുന്നു; കമലിന്റെ വെളിപ്പെടുത്തൽ
കമൽ - മമ്മൂട്ടി കൂട്ടുകെട്ടിൽ 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് രാപ്പകൽ. നയൻതാര, ശാരദ, ഗീതുമോഹൻദാസ്, ബാലചന്ദ്രമേനോൻ തുടങ്ങി വൻ താരനിര തന്നെ ഈ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഇപ്പോൾ.
'ആ സമയത്ത് നമുക്ക് ആകെ ഉണ്ടായിരുന്ന ടെൻഷൻ മമ്മൂക്കയുടെ മകൾ സുറുമി ഗർഭിണിയായിരുന്നു, പ്രസവ തീയതി അടുത്തിരുന്നു എന്നതാണ്. അമേരിക്കയിലാണ് സുറുമി ഉള്ളത്. മമ്മൂക്കയുടെ ഭാര്യയും അങ്ങോട്ട് പോയി.
ഡെലിവറി അവിടെവച്ചാണ്. ആ ദിവസങ്ങളിൽ മമ്മൂക്ക ഭയങ്കര ടെൻഷനിലായിരുന്നു. അത് ഏതൊരു അച്ഛനും ഉണ്ടാകുന്ന സംഭവമാണല്ലോ. അതും ആദ്യമായി മുത്തച്ഛനാകാൻ പോകുതിന്റേത്. മുത്തച്ഛനാണെന്ന് പുറത്തുപറയാനും പുള്ളിക്ക് വിഷമമുണ്ട്. സെറ്റിൽ ആരോടും പറഞ്ഞിട്ടില്ല.
എനിക്കും എഴുത്തുകാരൻ റസാഖിനും മാത്രമേ അറിയൂ. ആരോടും പറയരുതെന്ന് എന്നോടൊക്കെ കർശനമായി ചട്ടം കെട്ടിയിട്ടുണ്ട്. കാരണം ആ സമയത്ത് താൻ മുത്തച്ഛനായെന്ന് ആളുകൾ അറിയുന്നത് പുള്ളിക്ക് അത്ര താത്പര്യമുണ്ടാകില്ലല്ലോ.
അമേരിക്കയിലെ സമയവും ഇവിടത്തെ സമയവും തമ്മിൽ വ്യത്യാസമുണ്ടല്ലോ. പല ദിവസവും രാത്രിയൊക്കെ ഷൂട്ടിംഗ് ഉണ്ട്. പുള്ളിക്ക് പ്രശ്നമൊന്നുമില്ല, കാരണം ഭാര്യയുമായി ഫോണിലൊക്കെ സംസാരിക്കാമല്ലോ. മിക്കവാറും രാത്രി പുള്ളി ഫോണിലായിരിക്കും. മൊബൈൽ ഫോണൊക്കെ സജീവമായി വരുന്ന സമയമാണ്. ഷോട്ടിനൊക്കെ വിളിച്ചുകഴിഞ്ഞാൽ ചിലപ്പോഴൊക്കെ അസിസ്റ്റന്റ് ഡയറക്ടർമാരുടെയടുത്ത് പുള്ളി ചൂടാകും. അന്ന് അസിസ്റ്റന്റ് ഡയറക്ടർമാരായി കുറേ പേർ ഉണ്ട്.'- കമൽ വെളിപ്പെടുത്തി.