നല്ല ചൂട് ചായ കുടിക്കാൻ തോന്നിയാലും പഴയതുപോലെ നടക്കില്ല, കേരളത്തിൽ വൻ പ്രതിസന്ധി

Saturday 15 June 2024 11:49 AM IST

കന്നുകാലികളുടെ പരിപാലന ചെലവ് വർദ്ധിച്ചതും പാലിന് ന്യായവില കിട്ടാത്തതും ഉൾപ്പടെയുള്ള പ്രതി​സന്ധി​കൾ ക്ഷീരമേഖലയെ തളർത്തുന്നു. കറവമാടുകളെ ഇൻഷ്വർ ചെയ്യാനുള്ള സർക്കാർ സഹായം നിലച്ചതും തിരിച്ചടിയായി.

പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്.എൻ.എഫ്) അടിസ്ഥാനമാക്കിയുള്ള വില നിർണയ ചാർട്ടാണ് പ്രധാന വില്ലൻ. ക്ഷീരസംഘങ്ങൾ ഇവ പരിശോധിച്ചാണ് പാൽവില നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മിക്ക കർഷകർക്കും സംഘങ്ങളിൽ നിന്ന് കിട്ടുന്ന പരമാവധി വില ലി​റ്ററി​ന് 40- 44 രൂപയാണ്.

കാലികൾക്ക് രോഗമോ മറ്റോ വന്നാൽ ബഡ്ജറ്റാകെ അവതാളത്തിലാകും. അകിടുവീക്കവും തൈലേറിയാസിസുമാണ് വ്യാപകമായ രോഗങ്ങൾ. ഡോക്ടറുടെ യാത്രാ ചെലവടക്കം കർഷകൻ വഹിക്കേണ്ടി വരും. പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്ന മരുന്നുകൾക്ക് തീ വിലയാണ്.

പത്ത് ലിറ്റർ പാലെങ്കിലും ഗാർഹിക ഉപഭോക്താക്കളെ കണ്ടെത്തി നൽകിയാൽ മാത്രമേ കർഷകർക്ക് ഈ പ്രതിസന്ധി മറികടക്കാനാകൂ. ഇപ്രകാരമുള്ള വി​ല്പനയി​ലൂടെ ലിറ്ററിന് 56 രൂപ വരെ ലഭിക്കാറുണ്ട്. കാലിത്തീറ്റ വില വർദ്ധനവും താങ്ങാവുന്നതി​നപ്പുറം. നാല് വർഷത്തിനിടെ 600 രൂപയാണ് വർദ്ധിച്ചത്.

എവി​ടെ ഗോ സുരക്ഷ?

കന്നുകാലികൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയായ 'ക്ഷീരസാന്ത്വനം' നിലച്ചിട്ട് രണ്ട് വർഷമായി. 50,000 രൂപയുടെ ഗോ സുരക്ഷാ പോളിസി പ്രീമിയമായി കർഷകർ 750 രൂപയും ക്ഷീര വികസന വകുപ്പ് 600 രൂപയുമാണ് അടച്ചിരുന്നത്. കറവ വറ്റലിനും വന്ധ്യതയ്ക്കും 75 ശതമാനം തുകയും പശു ചത്താൽ പൂർണ തുകയും ലഭി​ക്കുന്നതായി​രുന്നു പദ്ധതി​.

ക്ഷീരസംഘങ്ങളിലെ വില നിർണയം വില്ലൻ

 15 ലിറ്റർ പാൽ ക്ഷീരസംഘത്തിൽ കൊടുത്താൽ കിട്ടുന്നത് 660 രൂപ

 കർഷകന് മിച്ചം 193 രൂപ

 ത്രിതലപഞ്ചായത്തുകൾ വർഷം രണ്ടോ മൂന്നോ തവണയായി ലിറ്ററിന് 9 രൂപ വീതം നൽകും

 ഇതുൾപ്പെടെ നോക്കിയാൽ ദിവസ വരുമാനം 328 രൂപ

 പാലിന്റെ അളവും വിലയും വ്യത്യാസപ്പെട്ടാൽ 450- 550 രൂപ വരെ

ഒരു ദിവസത്തെ ചെലവ്

(15 ലിറ്റർ പാൽ ലഭിക്കുന്ന കർഷകന്)

കാലിത്തീറ്റ ₹ 248 (8 കിലോ)

പരുത്തിപ്പിണ്ണാക്ക് ₹ 22 (500 ഗ്രാം)

എള്ളിൻ പിണ്ണാക്ക് ₹ 22 (500 ഗ്രാം)

ഗോതമ്പ്പൊടി ₹ 35 (ഒരു കിലോ)

പുല്ല് ₹ 60 (20 കിലോ)

കച്ചിത്തിരി ₹ 30 (ഒരു തിരി)

കറവക്കൂലി (ദിവസം) ₹ 50

ആകെ ₹ 467

കർഷകന് ന്യായവില ഉറപ്പാക്കും വിധം പ്രൈസ് ചാർട്ട് പരിഷ്കരിച്ചും ഇൻഷ്വറൻസ് പ്രീമിയം പുനഃസ്ഥാപിച്ചും മേഖലയ്ക്ക് ആശ്വാസം നൽകണം.

ജെ.അശോകൻ,

ക്ഷീരകർഷകൻ, ഇടയ്ക്കിടം

Advertisement
Advertisement