കിലോയ്‌ക്ക് വില 400 കഴിഞ്ഞു, മലയാളികൾ ഇനി പ്രിയ മത്സ്യം കൂട്ടി ചോറുണ്ണാൻ പാടുപെടും

Saturday 15 June 2024 12:32 PM IST

പത്തനംതിട്ട : കേരളത്തിലും തമിഴ്‌നാട്ടിലും ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യത്തിന് തീവിലയായി. ഇതിന്റെ മറപിടിച്ച് മാംസത്തിനും പച്ചക്കറിക്കും വില ഉയർന്നു. മേയ് - ജൂൺ മാസങ്ങളിൽ കോഴിയിറച്ചിയുടെ വില കുറയുന്ന പതിവ് ഇത്തവണയുണ്ടായില്ല. കോഴിയിറച്ചിക്ക് കിലോയ്ക്ക് 150 -160 രൂപയാണ് വില. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ പക്ഷിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽപ്പോലും കോഴിവില കുറഞ്ഞില്ല.

മീൻവില

മത്തി : 360 - 400 രൂപ,

അയല : 400 രൂപ

ചൂട : 300 രൂപ. (കിളിമീൻ, അയലക്കൊഴുവ, നെയ് മീൻ, തള, കേര, ചൂര,

വറ്റ, മോദ എന്നിവ മാർക്കറ്റിൽ ലഭ്യമല്ല).

ഇറച്ചി വില : 400 - 420 രൂപ.

തോന്നിയ പോലെ കച്ചവടം

മീനിന് വിപണികളിൽ തോന്നിയ വിലയാണ് ഈടാക്കുന്നത്. ആന്ധ്രാ, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന ദിവസങ്ങളോളം പഴകിയ മത്സ്യങ്ങളും വിൽപ്പന നടത്തുന്നുണ്ട്.

നിരോധനം മാറുന്നതോടെ വിലകുറയും

ആയിരംതെങ്ങ്, അഴീയ്ക്കൽ പോലുളള തീരങ്ങളിൽ നിന്ന് പരമ്പരാഗത രീതിയിൽ പിടികൂടുന്ന മത്സ്യമാണ് വിപണികളിൽ എത്തുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ ഇവിടെയും വില ഇരട്ടിയായി.

വിപണിയിലെ മത്സ്യങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ല. മത്സ്യവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.

ലത, വീട്ടമ്മ, പത്തനംതിട്ട

നിരോധനം നീങ്ങി തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് മീൻ എത്തിയാൽ മാത്രമേ കാര്യമായ വിലക്കുറവ് ഉണ്ടാകു.

രാജീവ്, മത്സ്യവ്യാപാരി.