സ്‌കൂട്ടറുള്ളവർ സൂക്ഷിക്കണം, ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും; കണ്ണൂരിലെ യുവാവിന്റെ അനുഭവം

Saturday 15 June 2024 2:15 PM IST

ഇരിക്കൂർ: സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ടാങ്കിൽ ചുറ്റിക്കിടന്ന അണലിയിൽനിന്ന് യാത്രക്കാരനായ യുവാവ് കടിയേൽക്കാതെ രക്ഷപ്പെട്ടു. നീർവേലി അലീമാസിൽ പി.എം. അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിന്റെ ഇരിക്കൂറിലെ ഭാര്യവീടായ സഫീർ മൻസിലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂട്ടറിന്റെ സീറ്റ് ഡിക്കിയിൽ സൂക്ഷിച്ച പഴ്‌സെടുക്കാൻ ഡിക്കി തുറന്നപ്പോഴാണ് പെട്രോൾടാങ്കിൽ ചുറ്റിയനിലയിൽ അണലിയെ കണ്ടത്.

തല ഉയർത്തിനിൽക്കുകയായിരുന്നു അണലി. ഇതേ തുടർന്ന് റസ്‌ക്യൂ അംഗങ്ങളെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പിന്നീട് ആവാസ കേന്ദ്രത്തിലേക്ക് വിട്ടയച്ചു. രണ്ടാഴ്ച മുൻപ് ഇരിക്കൂർ പടിയിലെ യുവാവിന് ഹെൽമെറ്റിനടിയിൽ ചുരുണ്ടുകിടന്ന പെരുമ്പാമ്പിന്റെ കടിയേറ്റിരുന്നു.

അടുത്തിടെ കണ്ണൂരിൽ ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചിരുന്നു. ഇരിട്ടിയിലാണ് സംഭവം. പടിയൂർ നിടിയോടിയിലെ കെ രതീഷിനെയാണ് കുട്ടി പാമ്പ് കടിച്ചത്. തലയ്ക്കാണ് കടിയേറ്റത്.

വീടീന് മുന്നിൽ നിർത്തിയിട്ട ബൈക്കിലായിരുന്നു യുവാവിന്റെ ഹെൽമറ്റ് വച്ചത്. ഇതിനുള്ളിൽ കുട്ടി പാമ്പ് കയറി. രാവിലെ ജോലിക്ക് പോകാനിറങ്ങിയ യുവാവ് ഇത് ശ്രദ്ധിക്കാതെ ഹെൽമറ്റ് ധരിക്കുകയായിരുന്നു. തലയിൽ എന്തോ കടിച്ചതായി തോന്നി ഹെൽമറ്റ് അഴിച്ചുനോക്കുകയായിരുന്നു. പാമ്പിനെ കണ്ടതും പേടിയോടെ ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞു.

പാമ്പ് ഇറങ്ങി പോകുകയും ചെയ്‌തു. ഏത് പാമ്പാണ് കടിച്ചതെന്നും മനസിലായില്ല. പാമ്പ് കടിയേറ്റ വിവരം രതീഷ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞയുടൻ തന്നെ ബന്ധുക്കൾ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ വിഷമില്ലാത്ത പെരുമ്പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു.

Advertisement
Advertisement