'ആക്രി സലാം' ഫാഷൻ റാമ്പിൽ മിന്നുംതാരം, ആദ്യം ബ്യൂട്ടി പാർലർ ഉദ്ഘാടനം, പിന്നെ കഥ മാറി

Sunday 16 June 2024 4:03 AM IST

കൊല്ലം: പരവൂരി​ലെ ബ്യൂട്ടി​ പാർലർ ഉദ്ഘാടനം ചെയ്യാൻ ഒരു 'നാടനെ" തേടുകയായിരുന്നു ക്യാമറാമാൻ സാജിദ്. ഇതിനിടെയാണ് ആക്രി പെറുക്കി നടക്കുന്ന സലാമിനെ (65) കണ്ടത്. നീണ്ട താടി, വെട്ടിയൊതുക്കിയ മുടി, മുഷിഞ്ഞ വസ്ത്രങ്ങൾ. ഒന്നു മി​നുക്കിയെടുത്താൽ ബ്യൂട്ടി​പാർലർ ഉദ്ഘാടനത്തി​ന് ഇയാൾ മതിയാവും! സാജിദ് മനസ്സിലെഴുതി. അതേ,മേക്ക് ഓവർ എന്ന് ന്യൂജെൻ പറയുന്ന വിദ്യതന്നെ. പരവൂരി​ലെ ബ്രൈഡൽ സ്റ്റുഡി​യോയി​ലെ മേക്കപ്പിൽ ആളങ്ങു മാറി, ബ്യൂട്ടി​ പാർലർ ഉദ്ഘാടനം കഴ‌ിഞ്ഞതോടെ കഥയും മാറി. ജൂവലറി ഉദ്ഘാടകനായി. സലാമിന്റെ ഫാഷൻ വീഡി​യോകൾ ഇൻസ്റ്റഗ്രാമി​ൽ വൈറലായി. തിരുവനന്തപുരത്ത് ലുലു ഫാഷൻ വീക്കി​ന്റെ റാമ്പി​ലെ വെള്ളിവെളിച്ചത്തിൽ ആക്രി സലാം മിന്നും താരമായി.

കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിയാണ് അബ്ദുൾ സലാം. മരുമകനൊപ്പം പരവൂർ മഞ്ചാടിമുക്കിൽ ആക്രിക്കച്ചവടം. സലാമി​നെ മോഡലാക്കിയ സാജി​ദ്, അയാൾ ആക്രി​ പെറുക്കുന്ന സ്ഥലങ്ങളി​ലൊക്കെ ഒന്നരമാസത്തോളം പി​ന്തുടർന്ന് ചി​ത്രങ്ങളെടുത്തു. ഒരുനാൾ ആക്രിശേഖരണം കഴിഞ്ഞ് സലാം വരുമ്പോൾ സാജി​ദ് പരി​ചയപ്പെട്ടു. ആവശ്യം അറിയിച്ചു. താടി കുറച്ചുകൂടി​ വളർന്നപ്പോഴാണ് സ്റ്റുഡിയോയിലേക്ക് വിളി​ച്ചത്. സ്യൂട്ട് അണിയിച്ച് പരവൂരും കാപ്പിലുമായി നടത്തിയ ഫോട്ടോ ഷൂട്ട്, റീലുകളാക്കി​ ഇൻസ്റ്റഗ്രാമിലിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ ട്രെൻഡിംഗായി. വീഡിയോ ലുലു ഫാഷൻവീക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ സാജിദിനെ ബന്ധപ്പെടുകയും സലാമുമായി കൊച്ചിയിലെത്താൻ നിർദ്ദേശിക്കുകയുമായിരുന്നു.

വിവിധ പ്രായത്തിലുള്ള ആറ് സ്ത്രീകൾ ഉൾപ്പെടെ 22 പേരാണ് 17ന് തിരുവനന്തപുരത്തെത്തി​യത്. പരിശീലനശേഷം 18ന് ഇവർ റാമ്പിൽ നടന്നു. ഈ വീഡിയോയും വൈറലായി. ഇപ്പോൾ മഞ്ചാടിമുക്കിലെ കടയിലെത്തിയും ആക്രിശേഖരിക്കാൻ പോകുന്ന വഴിയിലും സലാമിനൊപ്പം സെൽഫിയെടുക്കുന്നവരുടെ തി​രക്കാണ്.

ഉള്ളി​ലുണ്ട് സി​നി​മാമോഹം മയ്യനാട്ടെ വീട്ടിൽ നിന്ന് രാവിലെ 5ന് ഇറങ്ങുന്ന സലാം നേരേ റെയിൽവേ സ്റ്റേഷനിലെത്തും. അവിടെനിന്ന് 7ന് ട്രെയിനിൽ പരവൂരിലെ കടയിലേക്ക്. ആക്രി ശേഖരണത്തിനു ശേഷം ഉച്ചയോടെ തിരിച്ചെത്തും. എട്ടാം ക്ലാസാണ് വി​ദ്യാഭ്യാസം. മമ്മൂട്ടി, മോഹൻലാൽ മുതൽ ദുൽഖറും പൃഥ്വിരാജുംവരെ സലാമിന്റെ ആരാധനാപാത്രങ്ങളാണ്. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഭാര്യയും രണ്ട് മക്കളുമുണ്ട്.