600 രൂപ ആനുകൂല്യം മുടങ്ങിയിട്ട് 27മാസം, കിടപ്പുരോഗികളെ നോക്കുന്നവരോടും കരുണയില്ല

Sunday 16 June 2024 4:51 AM IST

 കിട്ടേണ്ടത് 1.15 ലക്ഷം പേർക്ക്

തിരുവനന്തപുരം: പരസഹായത്തോടെ മാത്രം ജീവിതം തള്ളിനീക്കുന്ന നിർദ്ധനരെ പരിചരിക്കുന്നവർക്കുള്ള തുച്ഛമായ ആനുകൂല്യവും നിലച്ചു. 27 മാസമായി അവർ സർക്കാരിന്റെ ദയയ്ക്കായി കൈനീട്ടുന്നു. പ്രതിദിനം ഇരുപത് രൂപവച്ച് മാസം വെറും 600 രൂപയാണ് ആശ്വാസകിരണം പദ്ധതിയിലൂടെ അനുവദിക്കുന്നത്.

1.15 ലക്ഷം പേർക്കായി 12.5കോടിയോളം രൂപയാണ് കുടിശ്ശിക. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടതോടെ, 40 മാസ കുടിശ്ശികയിൽ 13 മാസത്തേത് കഴിഞ്ഞ ഓണത്തിന് നൽകി. 7800 രൂപ വീതമാണ് കിട്ടിയത്. പിന്നീട് ഒരനക്കവുമില്ല.

കിടപ്പുരോഗികൾക്ക് സഹായികൾ അനിവാര്യമായതിനാൽ അവർക്കു നൽകാൻ വേണ്ടിയാണ് 2010ൽ സാമൂഹ്യനീതിവകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിൽ നിന്ന്പരമാവധി ആൾക്കാരെ ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. 2018നുശേഷം പുതിയ അപേക്ഷ സ്വീകരിച്ചിട്ടില്ല. 80000 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.

എല്ലാവർഷവും ജൂണിൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഈ വർഷം വാങ്ങിയിട്ടില്ല. പദ്ധതി നിറുത്തുമെന്ന ആശങ്കയിലാണ് കിടപ്പുരോഗികൾ. കിടപ്പുരോഗികളും സഹായത്തിന് അർഹരായവരും എത്രയുണ്ടെന്ന സർവേ പത്തു വർഷമായി നടത്തിയിട്ടില്ല. 8 ലക്ഷത്തോളം പേരുണ്ടെന്നാണ് കരുതുന്നത്.

വരുമാനക്കുരുക്കിട്ട്

അയോഗ്യരാക്കുന്നു

1.കിടപ്പുരോഗിയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ അർഹതയില്ലെന്ന് ഈ സർക്കാർ നിബന്ധന കൊണ്ടുവന്നു. അഞ്ചംഗ കുടുംബത്തിലെ ഒരാൾക്ക് 300 രൂപ ദിവസവേതനം ലഭിച്ചാൽ മതി അയോഗ്യത കല്പിക്കാൻ. ഇത് അനീതിയാണെന്ന് വിമർശനമുണ്ട്.

2. മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റിൽ താൽക്കാലികമെന്നോ,നിശ്ചിത കാലാവധി കഴിഞ്ഞ് പുതുക്കണമെന്നോ പരാമർശിച്ചാലും ആനുകൂല്യം നിഷേധിക്കും. ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നവർക്ക് ഇതൊരു ഭീഷണിയാണ്.

ആനുകൂല്യത്തിന്

അർഹതയുള്ളവർ

മുഴുവൻ സമയ പരിചാരകരെ വേണ്ടവർ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറുശതമാനം അന്ധത ബാധിച്ചവർ, തീവ്ര മാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവർക്കാണ് തുക അനുവദിക്കുന്നത്.

Advertisement
Advertisement