റാങ്ക് ലിസ്റ്റിൽ 20 പേർ മാത്രം; അസി.ടൗൺ പ്ളാനർ തസ്തികയിൽ പി.എസ്.സിയുടെ കടുംവെട്ട്

Sunday 16 June 2024 12:04 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക്‌ലിസ്റ്റിൽ പി.എസ്.സി ഉൾപ്പെടുത്തിയത് ആകെ 20 പേരെ. മൂന്നുവർഷം കാലാവധിയുള്ള റാങ്ക്‌പട്ടിക പ്രതീക്ഷിത ഒഴിവുകളുടെ മൂന്നിരിട്ടി പേരെ ഉൾപ്പെടുത്തിയാണ് തയ്യാറാക്കേണ്ടത്. ഇതേ തസ്തികയിൽ 2017ൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 197 ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിരുന്നു. 58 പേർക്ക് നിയമനവും ലഭിച്ചു.

2023 സെപ്തംബർ ഏഴിനായിരുന്നു പരീക്ഷ നടന്നത്. 27,​000 പേരാണ് അപേക്ഷിച്ചത്. ഈവർഷം ജനുവരി 31ന് ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർന്നുവന്ന മെയിൻ ലിസ്റ്റിലാണ് 20 പേരെ മാത്രം ഉൾപ്പെടുത്തിയത്. ഉദ്യോഗാർത്ഥികൾ പരാതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറെ സമീപിച്ചു. അപാകത ബോദ്ധ്യപ്പെട്ട ഡയറക്ടർ ഫെബ്രുവരി 14ന് പി.എസ്.സിക്ക് കത്ത് നൽകി. അസി.ടൗൺ പ്ലാനർ തസ്തികയിൽ 32 ഒഴിവുകൾ ഉടൻ ഉണ്ടാകുമെന്നും അതിനാൽ ഒഴിവുകളുടെ മൂന്നിരട്ടിയായ 90 പേരെയെങ്കിലും ഉൾപ്പെടുത്തി ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ,​ മേയിൽ ഇന്റർവ്യൂ നടത്തിയ പി.എസ്.സി,​ ഈമാസം 11ന് 20 പേരുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു.

വിജ്ഞാപനം ക്ഷണിക്കുന്നതിന് മുമ്പ് പി.എസ്.സിയും അതത് വകുപ്പുകളുമായി ഒഴിവുകൾ സംബന്ധിച്ച് ആശയവിനിമയം നടത്താറുണ്ട്. എന്നാൽ,​ ഇത്തവണ അതുണ്ടായില്ലെന്നാണ് സൂചന. അതേസമയം,​ മെയിൻ ലിസ്റ്റിലുള്ളവരുടെ എണ്ണം കൂട്ടണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

 കട്ട് ഒഫ് മാർക്ക് 50

ഒ.എം.ആർ പരീക്ഷയിൽ കട്ട് ഓഫ് മാർക്കായി പി.എസ്.സി നിശ്ചയിച്ചത് 50 ആണ്. സാധാരണ, അതത് തസ്തികകളിൽ മുമ്പുണ്ടായിരുന്ന റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം പരിഗണിച്ചാണ് പിന്നീടുള്ള ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക.

ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പരാതി നൽകാം

- പി.എസ്.സി ചെയർമാന്റെ ഓഫീസ്

Advertisement
Advertisement