കെട്ടിടങ്ങളുടെ സുരക്ഷയ്ക്ക് നിയമം ദുർബലം;ശിക്ഷയില്ല

Sunday 16 June 2024 12:09 AM IST

തിരുവനന്തപുരം: നിയമവും നടപടികളും കർശനമല്ലാത്തതുകൊണ്ടാണ് അഗ്നിരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങൾ സംസ്ഥാനത്ത് വ്യാപകമാവുന്നതെന്ന് വിലയിരുത്തൽ.

ഇത്തരം കെട്ടിടങ്ങൾക്കും അതിന്റെ ഉടമകൾക്കുമെതിരെ നടപടി സ്വീകരിക്കാൻ ഫയർഫോഴ്സിന് അധികാരമില്ല.

എൻ.ഒ.സി പുതുക്കാത്ത കെട്ടിടങ്ങൾക്കും ന്യൂനത പരിഹരിക്കാത്ത കെട്ടിടങ്ങൾക്കും പിഴ ചുമത്താനും മറ്റ് നടപടികൾ സ്വീകരിക്കാനും ഫയർഫോഴ്സിന് അധികാരം നൽകുന്ന നിയമഭേദഗതി വേണമെന്ന ശുപാർശ സർക്കാരിന് മുന്നിലുണ്ട്. പക്ഷേ, ഗൗരവമായി എടുത്തിട്ടില്ല.

വൻകിട കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ എൻ.ഒ.സികൾ പുതുക്കി നൽകുന്നത് കൃത്യമായ പരിശോധന നടത്താതെയാണെന്ന് ആക്ഷേപമുണ്ട്. ഈ വർഷം 9519 അഗ്നിരക്ഷാ എൻ.ഒ.സികൾ നൽകിയെങ്കിലും ഇവയിൽ എത്രയെണ്ണത്തിൽ കൃത്യമായി അഗ്നിരക്ഷാ സംവിധാനമുണ്ടെന്ന് വ്യക്തമല്ല.1068 അപേക്ഷകൾ നിരസിച്ചിട്ടുണ്ട്.

പീന്നീട് ന്യൂനത കണ്ടെത്തിയാൽ എൻ.ഒ.സി പുതുക്കി നൽകാതിരിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ പിഴയോ മറ്റ് നടപടികളോ ഇല്ലാത്തതിനാൽ എൻ.ഒ.സി പുതുക്കാൻ ബന്ധപ്പെട്ടവർ തുനിയാറില്ല.

അഗ്നി സുരക്ഷയുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് എൻ.ഒ.സി നൽകുന്നതെന്ന് ഉറപ്പാക്കാൻ സംവിധാനം ഇല്ല. ആക്ഷേപം ഉയർന്നാൽ, രണ്ട് ഫയർറെസ്ക്യു ഓഫീസർമാർക്ക് ചുമതല നൽകുകയാണ് പതിവ്. ക്രമക്കേടുകളെ പറ്റി കൃത്യമായ അന്വേഷണം നടക്കാറില്ല.

തിരുവനന്തപുരം മേനംകുളത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഫയർ ഫോഴ്സ് ഉദ്യോസ്ഥൻ രഞ്ജിത്ത് മരിച്ചിട്ടും അധികാരികൾ കണ്ണുതുറന്നില്ല. ആ ഗോഡൗണിന് എൻ.ഒ.സി ഇല്ലായിരുന്നു. ഇപ്പോഴും 500 ഓളം അനധികൃത ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.


എല്ലാ നിലകളും

സുരക്ഷിതമാക്കണം

1. കെട്ടിടങ്ങളിലെ എല്ലാ നിലയിലും

സ്‌മോക്ക് അലാറങ്ങൾ, സ്പ്രിംഗളറുകൾ, ഹൈഡ്രന്റുകൾ തുടങ്ങിയവ വേണമെന്നാണ് നിബന്ധന.

2. ഫ്ളാറ്റുകളിലും തൊഴിലിടങ്ങളിലും അഗ്നിശമന ഉപകരണം പ്രവർത്തിപ്പിക്കാൻ കെട്ടിടം പരിപാലിക്കുന്നവർക്കും സ്ഥിരമായി ഉപയോഗിക്കുന്നവർക്കും പരിശീലനം നൽകണം.

3. ഫയർ എക്സിറ്റുകൾ രണ്ടിൽ കൂടുതൽ വേണം.ഇതിന് മുന്നിൽ തടസം പാടില്ല .

കോണിപ്പടികൾ കുത്തനേ ആകരുത്. പരമാവധി നീളം കൂട്ടണം.

4.ഫ്ളാറ്റുകൾ മുതലായ ഇടങ്ങളിൽ തീപിടിത്തമുണ്ടായാൽ എല്ലാ താമസക്കാരെയും പെട്ടെന്ന് അറിയിക്കാൻ കഴിയുന്ന സംവിധാനം നിർബന്ധമായും വേണം.

കൃത്യമായ ഇടവേളകളിൽ ഫയർ ഓഡിറ്റും പരിശോധനകളും നടത്തുന്നുണ്ട്. കെ.പത്മകുമാർ

ഫയർ ഫോഴ്സ് മേധാവി.

Advertisement
Advertisement