പരിപാടി തുടങ്ങാൻ വൈകി, ജി.സുധാകരൻ പങ്കെടുക്കാതെ മടങ്ങി
ഹരിപ്പാട് : പരിപാടി തുടങ്ങാൻ വൈകിയതിനെത്തുടർന്ന്, സി.പി.എം അനുകൂലസംഘടന നടത്തിയ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാതെ മുൻമന്ത്രി ജി.സുധാകരൻ മടങ്ങി. ഇന്നലെ ഹരിപ്പാട്ട് നടന്ന സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ സി.ബി.സി വാര്യർ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടത്തേണ്ടത് ജി.സുധാകരനായിരുന്നു. അദ്ധ്യക്ഷനാകേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും. മന്ത്രി സജി ചെറിയാനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നു. രാവിലെ പത്തിന് പറഞ്ഞിരുന്ന ചടങ്ങിലേക്ക് 9.58ന് ജി.സുധാകരനെത്തി. പത്തരയായിട്ടും മറ്റ് അതിഥികൾ എത്താത്തതിനെത്തുടർന്ന് അദ്ദേഹം വേദി വിട്ടിറങ്ങുകയായിരുന്നു. ചാരുംമൂട്ടിൽ മുൻകൂട്ടി തീരുമാനിച്ച മറ്റൊരു പരിപാടിയുള്ളതുകൊണ്ടാണ് ജി.സുധാകരൻ പോയതെന്നാണ് സംഘാടകർ നൽകിയ വിശദീകരണം. 11 മണിക്കാണ് പരിപാടി തുടങ്ങിയത്.
കെ.പി.ഗോപകുമാർ
ജോയിന്റ് കൗൺസിൽ
ചെയർമാൻ
തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷന്റെ ചെയർമാനായി കെ.പി.ഗോപകുമാറിനെ തിരഞ്ഞെടുത്തു. ചെയർമാനായിരുന്ന കെ.ഷാനവാസ്ഖാൻ സർവീസിൽ നിന്നു വിരമിച്ചതിനെ തുടർന്നാണിത്. നിലവിൽ ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന ട്രഷററായിരുന്നു. കെ.ഷാനവാസ്ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം പി.എസ്.സന്തോഷ്കുമാറിനെ സംസ്ഥാന ട്രഷററായും എം എം .നജീമിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.