വന്ദേഭാരതിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം ശൈലജ ടീച്ചറും ,​ ഈ നിമിഷം ഇഷ്ടപ്പെട്ടെന്ന് മേജർ രവി

Saturday 15 June 2024 11:14 PM IST

തിരുവനന്തപുരം: വന്ദേഭാരതിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുൻ മന്ത്രി കെ.കെ,​ ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇതെന്ന് ചിത്രം പങ്കുവച്ച് മേജർ രവി കുറിച്ചു. വലിയ ആലിംഗനത്തോടെ എസ്.ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ. ശൈലജ ടീച്ചറെയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ്‌ഹിന്ദ് - എന്ന് മേജർ രവി കുറിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപിയും വടകരയിൽ നിന്ന് കെ.കെ. ശൈലജയും മത്സരിച്ചിരുന്നു. എൻ.ഡി.എയിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി തൃശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ വടകരയിൽ കെ.കെ. ശൈലജ വൻ പരാജയം നേരിട്ടു.

അതേസമയം ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് മേജർ രവി. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേജർ രവിയുടെ സംവിധാന രംഗത്തേക്കുള്ള മടങ്ങിവരവ്. ശരത് കുമാറാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഹിന്ദി,​ തമിഴ്,​. തെലുങ്ക് ,​കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഇന്നലെ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയിരുന്നു.