നാടു ഗദ്ദിക ചിലങ്കകെട്ടി തിരുനെല്ലിയിലെ നാട്ടുവഴികളിൽ

Sunday 16 June 2024 12:15 AM IST
നാട്ടുഗദ്ദികയുമായി അടിയ വിഭാഗക്കാർ തിരുനെല്ലി ക്ഷേത്ര പരിസരത്ത് നിന്ന് പുറപ്പെട്ടപ്പോൾ

തിരുനെല്ലി: തിരുനെല്ലിയിലെ നാട്ടുവഴികളിൽ ഇനി ഗദ്ദികയുടെ ചിലമ്പൊലി കേൾക്കാം. പട്ടുടുത്ത് കുറിവരച്ച് അനുഷ്ഠാനത്തിന്റെ കൈകൾ കോർത്ത് അടിയ സമുദായം രോഗ ശാന്തിക്കായി നാടുനീളെയെത്തും. തിരുനെല്ലി ക്ഷേത്രനടയിൽ നിന്ന് തുടങ്ങി വീടുവീടാന്തരം കയറിയിറങ്ങി നാടിന്റെ നല്ല കാലത്തിനായാണ് ഗദ്ദികയുടെ ഉണർത്തുപാട്ടുകൾ. തിരുനെല്ലിയിലും തൃശ്ശിലേരിയിലും മാത്രം ഒതുങ്ങുകയാണ് ഈ അനുഷ്ഠാന കല. ഗദ്ദിക ആചാര്യനായിരുന്ന പി.കെ. കാളനും മരുമകൻ പി.കെ. കരിയനു ശേഷം ഗദ്ദികയെ ഗോത്ര ഗ്രാമങ്ങളിൽ നില നിർത്താൻ സമുദായം പാടുപെടുകയാണ്.

രോഗങ്ങളെ നാടുനീക്കിയ നാട്ടുഗദ്ദികയെന്ന ആചാരത്തനിമയുടെ നിധി സൂക്ഷിപ്പുകാരാണ് അടിയസമൂഹം. മൂപ്പൻ പാട്ടുപാടി അനുഷ്ഠാനത്തെ ഉണർത്തുമ്പോൾ സ്ത്രീ വേഷം കെട്ടിയ പുരുഷൻമാർ കുടിലിനകത്തുനിന്ന് ഇറങ്ങുകയായി. ഒറ്റച്ചെണ്ടയിൽ മേളം കനക്കുന്നതിനനുസരിച്ച് ചുവടുകൾക്ക് ചടുലതയും താളവും കൈവരും. ഉറഞ്ഞുതുള്ളിയ മൂപ്പൻമാർ കല്പിക്കുന്ന വിധിയുടെ അനന്തരം ജാതിമതഭേദമന്യേ വീടുവിടാന്തരം നാട്ടുഗദ്ദിക കയറിയിറങ്ങും. വർഷം തോറും നാടിന്റെ നന്മയ്ക്കായി അവതരിപ്പിക്കുന്ന ഗദ്ദിക ഏഴു ദിവസം നീണ്ടുനിൽക്കുന്നതാണ്. അരിയും തേങ്ങയും മുത്താറിയുമാണ് ഗദ്ദികയ്ക്കു വേണ്ടത്. മുറം ചാരി ചുരൽവടിവെ ച്ച് കാണിക്കയർപ്പിച്ചാണ് ചടങ്ങുകൾ തുടങ്ങിയിരുന്നത്. ഗദ്ദിക നടത്താൻ സംഹാരമൂർത്തിയായ ശിവനോട് അനുവാദം ചോദിക്കുന്നതും ശേഷമായ അനുഷ്ഠാനമാണ്. കർണാടകയിൽ നിന്നാണ് അടിയരുടെ വയനാട്ടിലേക്കുള്ള കുടിയേറ്റം. കന്നഡ കലർന്ന ഭാഷയും ജീവിത രീതിയുമാണ് ഇവരിൽ ശേഷിക്കുന്നത്. ഏറെക്കാലം ഇവരുടെ കുടിലുകളിൽ ഒതുങ്ങി നിന്ന ഗദ്ദിക പി.കെ.കാളനാണ് അൽപ്പമെങ്കിലും പുറംലോകത്തിനായി പരിചയപ്പെടുത്തിയത്. സ്വന്തം സമുദായത്തിൽ വിയോജിച്ചുനിന്നവരോടെല്ലാം കലഹിച്ച് നിർബന്ധബുദ്ധിയോടെ ഗദ്ദികയെ കാളൻ പൊതുവേദിയിൽ എത്തിച്ചു. പിന്നീട് കേരള ഫോക്‌ലോർ അക്കാഡമി ചെയർമാനായപ്പോൾ ഗദ്ദികയ്ക്കായി സ്വന്തം നാട്ടിൽ അക്കാഡമി സ്ഥാപിക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്റെ മരണശേഷം മരുമകൻ പി.കെ. കരിയൻ ആവുംപോലെ കലാരൂപത്തെ സംരക്ഷിക്കാൻ പരിശ്രമിച്ചു.

Advertisement
Advertisement