ക്ലാറ്റ് 2025 പരീക്ഷ: നോട്ടിഫിക്കേഷൻ ഉടൻ

Sunday 16 June 2024 12:00 AM IST

രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തര പ്രവേശന പരീക്ഷയായ കോമൺ ലാ അഡ്മിഷൻ ടെസ്റ്റ്- CLAT 2025 ഡിസംബർ ഒന്നിനാണ്. നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും www.consortiumofnlus.ac.in ലൂടെ അപേക്ഷിക്കാം. ദേശീയ നിയമ സർവ്വകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷനടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനും പുതുക്കിയ സിലബസ്സും പുറത്തിറങ്ങി. പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്ലസ് ടു പൂർത്തിയാക്കിയവർക്കും 2025 ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഏത് പ്ലസ് ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. നിരവധി ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകളുണ്ട്. അഞ്ചു വർഷ ബി.എ എൽ എൽ. ബി, ബി.കോം എൽ. എൽ ബി, ബി.എസ്‌സി എൽ എൽ. ബി, ബി.ബി.എ എൽ എൽ. ബി മുതലായവ ഏറെ സാദ്ധ്യതയുള്ള നിയമ പ്രോഗ്രാമുകളാണ്. ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് ലാ, കോർപ്പറേറ്റ് ലാ,കോൺസ്യൂമർ ലാ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുമുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. കോർപ്പറേറ്റ് തലത്തിലും അവസരങ്ങളേറെയാണ്. രാജ്യത്തെ 26 ദേശീയ നിയമസർവകലാശാലകളിലേക്കും മികച്ച ലാ സ്‌കൂളുകളിലേക്കും പ്രവേശനത്തിന് ക്ലാറ്റ് സ്കോർ പരിഗണിക്കും. കേരളത്തിൽ കൊച്ചിയിലുള്ള നിയമസർവകലാശാലയായ നുവാൽസിലും ക്ലാറ്റ് വഴിയാണ് അഡ്മിഷൻ.

നിയമ ബിരുദധാരികൾക്ക് പി.ജി പ്രോഗ്രാമിനുള്ള ക്ലാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഓഫ്‌ലൈൻ മോഡിലുളള രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണത്. അപേക്ഷകന് പ്രായപരിധിയില്ല. പ്ലസ്ടു തലത്തിൽ 45 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. എൽ എൽ. ബിയോ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമോ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമിന് അപേക്ഷിക്കാം. 120 മൾട്ടിപ്പിൾ ചോയ്സ്, സബ്ജക്റ്റീവ് ചോദ്യങ്ങൾ അഞ്ചു ഭാഗങ്ങളിലായി പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് ഉണ്ട്. 120 ആണ് മൊത്തം മാർക്ക്. ഇംഗ്ലീഷ്, പൊതുവിജ്ഞാനം,ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് , ലീഗൽ റീസണിംഗ്, ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്നായി യഥാക്രമം 28 -32, 35 -39, 13 -17, 35 -39, 28 -32 ചോദ്യങ്ങളുണ്ടാകും. പി.ജി പ്രോഗ്രാമിന് constitutional law, jurisprudence, cyber law, criminal, international law, IPR എന്നിവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. ക്ലാറ്റ് യു.ജി പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ലീഗൽ aptitude, ലോജിക്കൽ റീസണിംഗ്, ഇംഗ്ലീഷ് comprehension, ജനറൽ നോളജ്, കറന്റ് അഫയേഴ്‌സ് എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷ പാറ്റേണിനനുസരിച്ച് തയ്യാറെടുക്കണം. സിലബസ് മനസ്സിലാക്കിയിരിക്കണം. ഇതിനായി മികച്ച പുസ്തകങ്ങളും, കോച്ചിംഗും ലഭ്യമാണ്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും മാതൃക ചോദ്യപേപ്പറുകളും കണ്ടെത്തി തയ്യാറെടുക്കാൻ ശ്രമിക്കണം. നാഷണൽ ലാ യൂണിവേഴ്സിറ്റി ഭോപ്പാൽ, ബാംഗ്ലൂർ, NALSAR ഹൈദരാബാദ്, ജബൽപൂർ, ജോധ്പുർ, കൊച്ചി, കട്ടക്ക്, ഷിംല, സോനിപത്, തിരുച്ചിറപ്പള്ളി, റാഞ്ചി, നിർമ്മ യൂണിവേഴ്സിറ്റി അഹമ്മദാബാദ്, ഭുവനേശ്വർ, നർസീ മൊൻജീ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു എന്നിവയിലേക്കുള്ള പ്രവേശനം ക്ലാറ്റ് സ്‌കോർ വഴിയാണ്. ചിട്ടയായ തയ്യാറെടുപ്പിലൂടെ ക്ലാറ്റിൽ മികച്ച സ്കോർ നേടാം. വെബ്സൈറ്റ്: www.consortiumofnlus.ac.in.

Advertisement
Advertisement