നിർമ്മിതികേന്ദ്രയും മാറി വഴിമുട്ടി സുബലാപാർക്ക്

Saturday 15 June 2024 11:32 PM IST

പത്തനംതിട്ട : സുബലാ പാർക്ക് നിർമ്മാണത്തിൽ നിന്ന് നിർമ്മിതി കേന്ദ്രയും വഴിമാറിയതോടെ പദ്ധതിയിൽ വീണ്ടും അനിശ്ചിതത്വം. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതി പാതിവഴിയിൽ തന്നെ തുടരുകയാണ് ഇപ്പോഴും. പട്ടികജാതി വകുപ്പിന്റെ ചുമതലയിലാണ് പദ്ധതി. 2021ൽ സുബലാ പാർക്കിന്റെ ഒന്നാംഘട്ട പണികൾ പൂർത്തിയാക്കി തുറന്നുനൽകിയെങ്കിലും അധികം താമസിയാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനാവശ്യമായ ഫർണിച്ചറിനും സെക്യുരിറ്റിക്കും സി.സി.ടി.വിക്കുമൊക്കെയായി മുപ്പത് ലക്ഷം രൂപയുടെ പദ്ധതി പട്ടികജാതി വകുപ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.

പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെട്ടിപ്രത്ത് സുബലാ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ലക്ഷങ്ങൾ ചെലവാക്കി വിശാലമായ സ്ഥല സൗകര്യങ്ങളും കെട്ടിടങ്ങളും ഒരുക്കി. പക്ഷേ പിന്നീട് അധികൃതർ തിരിഞ്ഞു നോക്കാതായി. പദ്ധതി ആരംഭിക്കാൻ പലതവണ ശ്രമങ്ങൾ ഉണ്ടായെങ്കിലും നടന്നില്ല. മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് വിഭാവനം ചെയ്തിരുന്നത്. ഒന്നാം ഘട്ട പണികളാണ് ഇതുവരെ നടപ്പായത്.പട്ടികജാതി വികസന വകുപ്പ് പദ്ധതി തയ്യാറാക്കുമ്പോൾ 4.5 കോടിയായിരുന്നു ചെലവ്.

തുക കൂടുതൽ; ഏറ്റെടുത്തില്ല

നിർമ്മിതി കേന്ദ്രം തുടർ നിർമ്മാണം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച് പട്ടികജാതി വകുപ്പ് സർക്കാരിന്റെ അനുമതി തേടിയിരുന്നു. എഴുപത് ലക്ഷം രൂപയുടെ നവീകരണമാണ് സുബലാപാർക്കിൽ നടത്തേണ്ടത്. എന്നാൽ 15 ലക്ഷത്തിൽ കൂടുതൽ തുക വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കില്ലെന്ന് നിർമ്മിതി കേന്ദ്രം അറിയിച്ചതോടെ പദ്ധതി തടസപ്പെടുകയായിരുന്നു.

പണിതീരാനുള്ളത്

ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളം സംരക്ഷണ പ്രവർത്തനങ്ങൾ, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.

--------------------

4.5 കോടിയുടെ പദ്ധതി

ഒന്നാംഘട്ടത്തിൽ ചെലവായത്. 2.94 കോടി

" പട്ടികജാതി വകുപ്പ് നഗരസഭയോട് ആവശ്യപ്പെട്ടാൽ നവീകരണം ഏറ്റെടുക്കാൻ സാധിക്കും.

നഗരസഭാ അധികൃതർ

Advertisement
Advertisement