സഹോദരഭവനം നാലു നില സമുച്ചയമാകും

Sunday 16 June 2024 12:23 AM IST

കൊച്ചി: എറണാകുളം എം.ജി റോഡിലെ സഹോദരഭവനം കേരളത്തിന്റെ നവോത്ഥാന ചരിത്രം തുടിക്കുന്ന മ്യൂസിയം ഉൾപ്പെടെയുള്ള നാലുനില കെട്ടിടസമുച്ചയമാകും. ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന സഹോദരൻ അയ്യപ്പന്റെ എറണാകുളം എം.ജി റോഡരികിലെ വസതി ജീർണാവസ്ഥയിലായതിനെ തുടർന്നാണ് നവീകരണപദ്ധതി.
അയ്യപ്പന്റെയും പത്‌നി പാർവതി അമ്മയുടെയും സ്മരണ തുടിക്കുന്ന മ്യൂസിയം, നാലാം നിലയിൽ സമ്മേളനഹാൾ, സ്ഥാപനങ്ങൾക്കു വാടകയ്ക്കു നൽകാനുള്ള മുറികൾ എന്നിവയുണ്ടാവും. ആലുവ തോട്ടുംമുഖം ശ്രീനാരായണഗിരിയിലെ അന്തേവാസികളിൽ നഗരത്തിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ പെൺകുട്ടികൾക്ക് ഇവിടെ സൗജന്യമായി താമസിക്കാം. വാടകയിനത്തിൽ ലഭിക്കുന്ന തുക ശ്രീനാരായണഗിരിയുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് വസതിയുടെ ചുമതലയുള്ള ശ്രീനാരായണ സേവികാസമാജം ഭരണസമിതിയുടെ തീരുമാനം. മഹാരാജാസ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. ഷേർലി ചന്ദ്രൻ (പ്രസിഡന്റ് ), ഹൈക്കോടതി സീനിയർ അഭിഭാഷക വി.പി. സീമന്തിനി (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
കെട്ടിടം വിൽക്കാതെ ശ്രീനാരായണഗിരിയുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് പാർവതി അമ്മയുടെ വിൽപ്പത്രത്തിലെ വ്യവസ്ഥ. കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കി രണ്ടുവർഷത്തിനകം പദ്ധതി പൂർത്തിയാക്കും.

നഗരവികസനത്തിന് അന്നും വഴിയൊരുക്കി

കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ എം.ജി റോഡ് സഹോദരൻ വിഭാവന ചെയ്തതാണ്. റോഡ് വീതികൂട്ടാനായി വീടിന്റെ മുൻഭാഗവും മരങ്ങൾ നട്ടുപിടിപ്പിച്ച സ്ഥലവും വിട്ടുകൊടുത്തു. കെട്ടിടത്തെ ബാധിക്കാത്തവിധം റോഡ് വളച്ച് നിർമ്മിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. എറണാകുളത്തെയും വൈപ്പിൻ ദ്വീപുകളെയും ബന്ധിപ്പിച്ച് പാലങ്ങളെന്ന ആശയം ആദ്യം മുന്നോട്ടുവച്ചതും സഹോദരനായിരുന്നു.

ഭീഷണി വെള്ളക്കെട്ട്

പള്ളിമുക്കിലെ കണ്ണായ സ്ഥലത്ത് അഞ്ച് മുറികളും ഹാളും അടുക്കളയും അനുബന്ധ സൗകര്യങ്ങളുമുള്ള ഓടുമേഞ്ഞ വീട് വെള്ളക്കെട്ട് ഭീഷണിയിലാണ്. മഴക്കാലത്ത് ഇരുഭാഗത്തുനിന്നും വെള്ളം കയറും. കതകുകളും ജനാലകളും ദ്രവിക്കുകയും ഭിത്തി വിണ്ടുകീറുകയും ചെയ്തു. കെട്ടിടത്തിന്റെ പഴക്കത്തെക്കുറിച്ച് ആർക്കും ധാരണയില്ല.

Advertisement
Advertisement