സി.പി.എം നിലപാട് ബി.ജെ.പിയെ സഹായിക്കുന്നു: ലീഗ്
കോഴിക്കോട്: കേരളത്തിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടുകൾ ബി.ജെ.പിയെയാണ് സഹായിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ.
മതനിരാസത്തിലൂട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വർണക്കടലാസിൽ പൊതിഞ്ഞാണ് കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നതെന്ന് ലീഗ് മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇടതില്ലെങ്കിൽ മുസ്ലിങ്ങൾ രണ്ടാം തരം പൗരന്മാരാവുമെന്നതൊക്കെ തമാശയാണ്. സി.പി.എം വിതയ്ക്കുന്നത് ബി.ജെ.പി കൊയ്യുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ മെനയുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. ഇരുതല മൂർച്ചയുള്ള തന്ത്രങ്ങളാണ് പലപ്പോഴും തിരഞ്ഞെടുക്കുന്നത്. ഇസ്ലാമോഫോബിയയാണ് പിണറായി പൊലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സി.പി.ഐ പോലും ആരോപിക്കേണ്ട സാഹചര്യമുണ്ടായി.
കേരളത്തിൽ സച്ചാർ സമിതി റിപ്പോർട്ട് അട്ടിമറിച്ചതും മുസ്ലിം സംവരണം വെട്ടിക്കുറച്ചതും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളാണ്. ഇത്തവണ സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴയ്ക്കാനായിരുന്നു ശ്രമം. വൈരുദ്ധ്യാത്മക ഭൗതികവാദത്തിലധിഷ്ഠിതമായ മതനിരാസ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റുകൾക്ക് സമസ്തയെ ശിഥിലമാക്കാൻ മോഹമുണ്ടാവാം. സമുദായത്തിലെ സംഘടനകളുടെയെല്ലാം പൊതു പ്ലാറ്റ്ഫോമാണ് മുസ്ലിംലീഗ്.