മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കാൻ സംവിധാനം വേണമെന്ന് പ്രവാസികൾ

Sunday 16 June 2024 12:42 AM IST

തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും ധനസഹായം വർദ്ധിപ്പിക്കുകയും വേണമെന്ന് ലോക കേരള സഭയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

പ്രവാസി പെൻഷൻ പ്രായപരിധി ഒഴിവാക്കണം, പ്രവാസിക്ഷേമ പദ്ധതികൾക്ക് സെസ് ഏർപ്പെടുത്തണം, പ്രവാസി ഗ്രാമസഭകൾ വിളിച്ചു ചേർക്കണം, കുടുംബശ്രീ മിഷൻ മാതൃകയിൽ പ്രവാസി മിഷൻ ആരംഭിക്കണം എന്നിവയായിരുന്നു മടങ്ങിവന്ന പ്രവാസികളുടെ പ്രധാന ആവശ്യങ്ങൾ.

ക്ഷേമനിധി അംഗത്വ പ്രായപരിധി 65ആയി ഉയർത്തണം, മുഴുവൻ പ്രവാസികളെയും ക്ഷേമനിധി അംഗമാക്കാൻ നടപടി കൈക്കൊള്ളണം, പ്രവാസികളുടെ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും പലിശരഹിത വായ്പ അനുവദിക്കണം, സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്ക കൗണ്ടർ ആരംഭിക്കണം, പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം, നോർക്ക സ്ഥാപനങ്ങളിൽ തൊഴിൽസംവരണം അനുവദിക്കണം, മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള നോർക്ക സാമ്പത്തികസഹായം അഞ്ച് ലക്ഷമായി ഉയർത്തണം, നാട്ടിൽ മടങ്ങിയെത്തുന്നവർക്ക് വ്യവസായം ആരംഭിക്കാൻ ഏകജാലക സംവിധാനം തുടങ്ങിയ ആവശ്യങ്ങൾ ഗൾഫ് മേഖലയിലെ പ്രവാസികൾ ഉന്നയിച്ചു.

തൊഴിൽ, വിസ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണം, വിവിധ രാജ്യങ്ങളിലെ വിസ നിയമങ്ങൾ നോർക്ക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം, എമിഗ്രേഷൻ ഓറിയന്റേഷൻ, സിംഗപ്പൂരിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് എന്നിങ്ങനെയാണ് ഏഷ്യാ പസഫിക് മേഖലയിലെ പ്രവാസികളുടെ ആവശ്യങ്ങൾ.


അമേരിക്കയിൽ നോർക്കയുടെ സ്ഥിരം ഹെല്പ് ഡെസ്‌ക്, നഴ്സിംഗ് ഫിനിഷിംഗ് സ്‌കൂൾ, കാനഡയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, ഏകീകൃത ട്രെയിനിംഗ്, നിയമസഹായം, അഡിക്ഷൻ ബോധവത്കരണം, നോർക്കയുടെ വനിതാ സെൽ കാര്യക്ഷമമാക്കൽ, കരീബിയൻ ദ്വീപുകളിലേക്ക് ആഴ്ചയിൽ നേരിട്ട് വിമാന സർവീസ് തുടങ്ങിയ ആവശ്യങ്ങൾ അമേരിക്കൻ പ്രവാസികൾ ഉന്നയിച്ചിട്ടുണ്ട്.

സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ മേഖലയിലെ പ്രവാസികൾ ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തടയുന്നതിന് നോർക്ക റിക്രൂട്ടിംഗ് ഏജൻസികൾക്ക് ലൈസൻസ്, വിദേശ വിദ്യാർത്ഥികളെ സഹായിക്കാൻ നോർക്കയിൽ പ്രത്യേക ഓഫീസർ തുടങ്ങിയ നിർദ്ദേശങ്ങളും അവർ മുന്നിൽവച്ചു. ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിൽ ബുദ്ധിമുട്ട് നേരിടുന്നതായി ആഫ്രിക്കയിൽ നിന്നുള്ള പ്രവാസികൾ ചൂണ്ടിക്കാട്ടി.

Advertisement
Advertisement