മരിച്ചവരുടെ കുടുംബത്തിന് ഇൻഷ്വറൻസ് തുകയും ജോലിയും നൽകും

Sunday 16 June 2024 12:45 AM IST

 വിശദീകരണവുമായി എൻ.ബി.ടി.സി കമ്പനി ഉടമ

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച എട്ടുലക്ഷം രൂപയുടെ ധനസഹായം കൂടാതെ കമ്പനി ഇൻഷ്വറൻസ് തുകയായ നാലുവർഷത്തെ ശമ്പളവും ഉടൻ നൽകുമെന്ന് എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആശ്രിതർക്ക് ജോലി നൽകി അവരെ ചേർത്തുനിറുത്തും,​ ദുരന്തത്തിൽ കമ്പനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും നിയമനടപടികളിൽ നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു. ''തിരുവനന്തപുരത്ത് വച്ചാണ് ദുരന്തവിവരമറിഞ്ഞത്. മറ്റ് യാത്രകൾ ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലെത്തി. മനോവിഷമത്താൽ രക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിച്ചു. ചികിത്സ തേടിയതിനെ ഒളിച്ചുപോയെന്ന് പ്രചരിപ്പിച്ചതും എന്നെ തളർത്തി "" എബ്രഹാം പറഞ്ഞു.

വൈകാതെ കുവൈറ്രിലേക്ക് തിരിക്കും. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്. ഗ്യാസ് ചോർച്ചയുണ്ടെന്നത് തെറ്റായ ആരോപണമാണ്. വീഴ്ചകളുണ്ടായതായി കണ്ടെത്തിയിട്ടില്ല. കേന്ദ്രീകൃത എ.സി സംവിധാനമുള്ള കെട്ടിടം കമ്പനി പാട്ടത്തിനെടുത്തതാണ്. കുവൈറ്റിലെ ആറായിരത്തിലേറെ ജീവനക്കാർക്കുവേണ്ടി കെട്ടിടങ്ങൾ വാടകയ്‌ക്കും പാട്ടത്തിനുമെടുത്തിട്ടുണ്ട്. താമസ,ഭക്ഷണ ചെലവുകൾ കമ്പനിയാണ് വഹിക്കുക.

മുറികളിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കാറില്ല. എത്തിച്ചു നൽകുന്നതാണ് രീതി. രക്ഷപ്പെടുത്തിയ 127 പേരിൽ 31പേർ ആശുപത്രിയിലാണ്. സെക്യൂരിറ്റി ജീവനക്കാരനെയടക്കം രണ്ടുപേരെ അറസ്റ്രുചെയ്‌ത് വിട്ടയച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോൾ കമ്പനിക്കെതിരെ കേസുകളൊന്നുമില്ല. മരിച്ചവരുടെ കുടുംബങ്ങളെ കമ്പനി അധികൃതർ നേരിട്ട് കാണും. ഓരോ കുടുംബത്തിനും 25000 രൂപ വീതം കൈമാറിക്കഴിഞ്ഞു. പരിക്കേറ്റവർക്ക് രണ്ടുവർഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷ്വറൻസ് ലഭിക്കുമെന്നും കെ.ജി.എബ്രഹാം പറഞ്ഞു. കൊച്ചി ക്രൗൺപ്ലാസ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമ്പനി സി.ഇ.ഒ കെ.സി ഈപ്പൻ, ലീഗൽ അഡ്വൈസർ രാംദാസ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement