കേരള ബ്രാൻഡിംഗ് ആദ്യ ഷോ അമേരിക്കയിൽ: മുഖ്യമന്ത്രി

Sunday 16 June 2024 12:47 AM IST

തിരുവനന്തപുരം: കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ ബ്രാൻഡ് ചെയ്യുന്നതിനുള്ള ആദ്യഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ ആണ് വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുക. അഞ്ചു ദിവസംവരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കേരളകലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവുമൊരുക്കും. നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെ സാദ്ധ്യതകൾ പരിശോധിച്ച് സാദ്ധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടുപോകും. സമ്മേളനത്തിലുയർന്ന ആശയങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കേന്ദ്രസർക്കാരിന് കൈമാറും.

കേരളത്തിൽ നിന്നുള്ള കുടിയേറ്റം വർദ്ധിക്കാനാണ് സാദ്ധ്യത. കുടിയേറ്റ തൊഴിലാളികളേറെയുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കണം. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകൾ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ലോകകേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

പ്രവാസി ക്ഷേമം:

സമ്മർദ്ദം ചെലുത്തും
പ്രധാന കുടിയേറ്റ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചേർന്ന് പ്രവാസി ക്ഷേമത്തിന് ആവശ്യമായ നിയമനിർമ്മാണത്തിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും. യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ,സെൻട്രൽ ഏഷ്യ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കുന്നത് പരിഗണിക്കും. തുടർപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ലോക കേരളസഭ പ്രതിനിധികളെ ഉൾപ്പെടുത്തി 15 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കും.

ജനുവരിയിൽ ആഗോള

നിക്ഷേപ സംഗമം

പ്രവാസികൾക്ക് സംസ്ഥാനത്ത് നിക്ഷേപാവസരം തുറക്കാൻ

ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.

ലോക കേരളസഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നുപോകാതിരിക്കാൻ നിയമ പരിരക്ഷ നൽകും. ദീർഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം വാർദ്ധക്യം ചെലവഴിക്കാൻ കേരളത്തിൽ തിരികെ എത്തുന്നവരേയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉൾക്കൊള്ളുന്ന സുരക്ഷാഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നത് പരിഗണിക്കും.

Advertisement
Advertisement