ലോക കേരളസഭാ സമ്മേളനം സമാപിച്ചു

Sunday 16 June 2024 12:52 AM IST

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ ലോക കേരളസഭയുടെ നാലാമത് സമ്മേളനം സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ സമ്മേളനത്തിൽ ആഘോഷങ്ങളും അലങ്കാരങ്ങളും ഒഴിവാക്കിയിരുന്നു.

ഇന്നലെ രാവിലെ പ്രതിനിധി സമ്മേളനവും വൈകിട്ട് മുഖ്യമന്ത്രി പങ്കെടുത്ത സമാപന സമ്മേളനവും നടന്നു. ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. 103 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം പ്രവാസി മലയാളികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി സമാപന റിപ്പോർട്ടിൽ സ്‌പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നിയമസഭയിൽ സബ്‌ജക്ട് കമ്മിറ്റിയെന്ന ആശയം കേരളം സംഭാവന ചെയ്‌തതാണ്. അതുപോലെയാണ് ലോക കേരളസഭ എന്ന ആശയവും രാജ്യത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാമത് ലോകകേരളസഭയിൽ 193 രാജ്യങ്ങളിലെയും പ്രതിനിധികളെ എത്തിക്കാൻ കഴിയണം. വിസ തട്ടിപ്പ്,റിക്രൂട്ട്മെന്റ് തട്ടിപ്പ് എന്നിവ ആവർത്തിക്കാതിരിക്കാൻ ഇടപെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

125 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പത്ത് പ്രമേയങ്ങൾ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ പരിശോധിച്ച് സർക്കാരിലേക്ക് സമർപ്പിക്കാനായി ജെ.കെ.മേനോൻ,ബാബു സ്റ്റീഫൻ,ഒ.വി.മുസ്തഫ,കെ.ടി.എ.മുനീർ,കുര്യൻജേക്കബ്,വിദ്യ അഭിലാഷ്,റിജിൻപൂക്കോത്ത്,പ്രസാദ് എ.കെ, കെ.വി. അബ്ദുൽഖാദർ,അനുപമ വെങ്കിടേശ്വരൻ,ഹനീഫ അലിയാർ,ഗിരികൃഷ്ണൻ,വി.എൻ.ചാമിയാർ എന്നിങ്ങനെ പതിനഞ്ചംഗ സ്റ്റാൻഡിംഗ് കമ്മിറ്റിക്കും സമ്മേളനം രൂപം നൽകി. സമ്മേളനത്തിന് സമാപനംകുറിച്ച് സ്‌പീക്കറും പ്രതിനിധികളും നിയമസഭയ്ക്ക് മുമ്പിലുള്ള ഭൂഗോള മാതൃകയിൽ കൈയൊപ്പ്‌ ചാർത്തി.

Advertisement
Advertisement