ഒരുനോക്ക് കാണാനാകാതെ സാജന് യാത്രാമൊഴി

Sunday 16 June 2024 12:54 AM IST
സാജൻ ജോർജിന്റെ ഭൗതികദേഹം നരിക്കല്ലിലെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന സഹോദരി ആൻസിയും മാതാപിതാക്കളായ വത്സമ്മയും ജോർജ് പോത്തനും

പുനലൂർ: സാജൻ ജോർജിന്റെ ചേതനയറ്റ ശരീരം വാഴവിളയിലെ സാജൻ വില്ലയിലെത്തിച്ചെങ്കിലും പുറത്തെടുക്കാൻ കഴിയാത്തതിനാൽ അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായില്ല. ആംബുലൻസിലെത്തിച്ച മൃതദേഹം വീട്ടിലേക്കെടുത്തതോടെ മാതാവ് വത്സമ്മയും പിതാവ് ജോർജ് പോത്തനും സഹോദരി ആൻസിയും അലമുറയിട്ട കാഴ്ച ഹൃദയഭേദകമായി.

പുനലൂരിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 10.15നാണ് വീട്ടിലെത്തിച്ചത്. മൃതദേഹം പുറത്തെടുക്കാതിരുന്നതിനാൽ സാജൻ ജോർജിന്റെ ഫോട്ടോയിലാണ് മാതാപിതാക്കളും മറ്റുള്ളവരും അന്ത്യാഞ്ജലി അർപ്പിച്ചത്. സഹോദരി ആൻസി ആസ്ട്രേലിയയിൽ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയിരുന്നു. പള്ളി വികാരിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രർത്ഥനകൾക്ക് ശേഷം ഉച്ചയോടെ മൃതദേഹം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നരിക്കല്ലിലെ ബഥേൽ മർത്തോമ്മ ചർച്ചിലെത്തിച്ച് 2.30ഓടെ സംസ്‌കരിച്ചു.

മന്ത്രിമാരായ ജെ.ചിഞ്ചുറാണി,കെ.ബി.ഗണേശ് കുമാർ,എൻ.കെ.പ്രേമചന്ദ്രൻ എം.പി,പി.എസ്.സുപാൽ എം.എൽ.എ,മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ,ജില്ലാ കളക്ടർ എൻ.ദേവിദാസ്,പുനലൂർ ബിഷപ്പ് സിൽവിസ്റ്റർ പൊന്നുമുത്തൻ തുടങ്ങി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക നേതാക്കളും നിരവധി നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

Advertisement
Advertisement