പാകിസ്ഥാന്റെ പതനവും, യു.എസിന്റെ ഉദയവും

Sunday 16 June 2024 2:42 AM IST

ഫ്ലോറിഡ: അനിശ്ചിതത്വങ്ങളുടെ തമ്പുരാക്കൻമാരായ പാകിസ്ഥാൻ ട്വന്റി-20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിൽ ഏവരെയും ഞെട്ടിച്ച് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കനത്ത മഴയെ തുടർന്ന് യു.എസും അയർലൻഡും തമ്മിൽ വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാന് പറത്തേക്കുള്ള വഴിയും യു.എസിന് സൂപ്പർ 8ലേക്കുള്ള വഴിയും തുറന്നത്. ലൗ​ഡ​ർ​ഹി​ല്ലിലെ​ ​​ ​സെ​ൻ​ട്ര​ൽ​ ​ബ്രോ​വാ​ർ​ഡ്സ്റ്റേ​ഡി​യത്തിലെ ഔട്ട് ഫീൽഡിൽ വെള്ളമുണ്ടായിരുന്നതിനാലാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ യു.എസും അയർലൻഡും ഓരോപോയിന്റ് വീതം പങ്കിടുകയും 4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള യു.എസിന് സൂപ്പർ 8 ടിക്കറ്റ് ലഭിക്കുകയുമായിരുന്നു. നേരത്തെ യു.എസിനെതിരെ തോറ്റ പാകിസ്ഥാന് 2 പോയിന്റേയുള്ളൂ. യു.എസ് അയർലന്‍ഡിനോട് തോല്‍ക്കുകയും ഇന്ന് പാകിസ്ഥാൻ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ അവ‌ർക്ക് സൂപ്പര്‍ എട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

പാക് പടയെ തകർത്ത ഗ്രൂപ്പ് കളി

പാകിസ്ഥാന് പാരയായത് ടീമിലെ ഗ്രൂപ്പിസമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടീമിൽ മൂന്ന് ഗ്രൂപ്പുകളുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ ഒരുന്നതൻ വ്യക്തമാക്കി. ക്യാപ്ടൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയ ബാബർ അസത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനു വെല്ലുവിളിയും ടീമിന്റെ ഒത്തിണക്കമില്ലായ്‌മയായിരുന്നു. ക്യാപ്ടൻ സ്ഥാനം നഷ്ടമായതിൽ ഷഹീൻ അഫ്രീദിയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അതേ പോലെ ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുഹമ്മദ് റിസ്‌വാൻ അസന്തുഷ്ടനായിരുന്നു. ഇവർ‌ മൂന്ന് പേരുടേയും നേതൃത്വത്തിലായിരുന്നു ഗ്രൂപ്പുകൾ. അതേപോലെ വിരമിച്ച ശേഷം തിരിച്ചെത്തിയ മുഹമ്മദ് ആമിർ, ഇമാദ് വസിം എന്നിവരുടെ വരവും ടീമിനെ പ്രതീകൂലമായാണ് ബാധിച്ചതെന്നും പി.സി.ബി അംഗ വ്യക്തമാക്കി. അന്താരാഷ്ട്ര ആഭ്യന്തര മത്സരങ്ങളിൽ കളിച്ചിട്ട് ഏറെയായ ഇരുവരും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മാത്രമാണ് ലോകകപ്പിന് മുമ്പ് കളിക്കുന്നുണ്ടായിരുന്നത്. 10 വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ട്വന്റി-20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. ഇന്ന് അയർലൻഡിനെതിരെയാണ് പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം.

സൂപ്പർ യു.എസ്

മറുവശത്ത് യു.എസിന്റെ സൂപ്പർ 8 പ്രവേശനം അനമേരിക്കൻ മാർക്കറ്റിൽ ക്രിക്കറ്റിന് വലിയ പ്രചാരമായി മാറിയിരിക്കുകയാണ്. ആദ്യാമായാണ് യു.എസ് ടീം ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ എത്തുന്നത്. ആദ്യമായി ട്വന്റി-20 ലോകകപ്പ് കളിക്കുന്ന യു.എസ് 2019ൽ മാത്രമാണ് അന്താരാഷ്ട്ര തലത്തിൽ ട്വന്റി-20 ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്.ഒരുപിടി ഇന്ത്യൻ താരങ്ങളാണ് അവരുടെ കരുത്ത്.

Advertisement
Advertisement