മീൻകറിയും പൊരിച്ചതുമൊക്കെ ഓർമയാകുമോ? ഇറച്ചിയേക്കാൾ  വിലകൂടിയത്  രണ്ട് ചെറുമീനിനങ്ങൾക്ക്

Sunday 16 June 2024 10:58 AM IST

തൃക്കരിപ്പൂർ: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കടൽ മത്സ്യങ്ങളുടെ വില കുത്തനെ ഉയർന്നു. സാധാരണക്കാരന്റെ തീൻമേശ സജീവമാക്കാറുള്ള അയില, മത്തി, പുതിയാപ്ല തുടങ്ങിയവയ്ക്ക് ഇതുവരെയില്ലാത്ത വിധത്തിലാണ് വില കയറിയത്. താരതമ്യേന വിലക്കുറവുള്ള നത്തോലിയും ഇരട്ടിയിലധികം വിലയ്ക്കാണ് വിൽക്കുന്നത്.

കിലോ 160 രൂപക്ക് ലഭിച്ചിരുന്ന മത്തിക്ക് ഇന്നലെ തൃക്കരിപ്പൂരിൽ 300 മുതൽ മുകളിലോട്ടായിരുന്നു വില. ആദ്യമായിട്ടാണ് മത്തിയുടെ വില 300 കടക്കുന്നത്. 240 രൂപയുണ്ടായിരുന്ന അയിലയ്ക്ക് 340 രൂപയും, പുതിയാപ്ല, നത്തൊലി എന്നിവയ്ക്ക് ഇരുന്നൂറിന് മുകളിലുമാണ് വില.


പതിവു പോലുള്ള മൺസൂൺ കാല ട്രോളിംഗ് നിരോധനം ജൂലായ് 31 വരെയാണ്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളത് മാ‌ർക്കറ്റിൽ മത്സ്യ ലഭ്യത ക്രമാതീതമായി കുറയാൻ കാരണമായിട്ടുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമല്ലെങ്കിലും കടലിൽ ചാകര ഉണ്ടായാലേ ഇവർക്ക് വലിയ തോതിൽ മത്സ്യ ലഭ്യത ഉണ്ടാവുകയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

മാർക്കറ്റിൽ പഴകിയ മത്സ്യങ്ങളും

ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന മീനുകൾ ഫ്രഷാണോ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതാണോയെന്ന് തിരിച്ചറിയാൻ കഴിയില്ലായെന്നതും ജനങ്ങളെ കുഴക്കുന്നുണ്ട്. കാഴ്ചയിൽ നല്ല തിളക്കം കാണാറുള്ള മത്സ്യങ്ങൾ പാകം ചെയ്ത് കഴിഞ്ഞാലുണ്ടാകുന്ന രുചി വ്യത്യാസം അനുഭവപ്പെടുമ്പോഴാണ് വാങ്ങിയ മീൻ പഴയതാണെന്ന് പലപ്പോഴും തിരിച്ചറിയുക. മംഗലാപുരം, ഗോവ തുടങ്ങിയ അയൽപ്രദേശങ്ങളിൽ നിന്നും ഒരു പരിശോധനയും കൂടാതെ മത്സ്യങ്ങൾ മാർക്കറ്റുകളിലെത്തുന്നുണ്ടെന്നും എന്നാൽ ഇവയുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ ഇടപെടൽ ഉണ്ടാകാറില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Advertisement
Advertisement