തമിഴ്നാട്ടുകാർക്ക് വേണ്ടാതായതോടെ 'വരത്തൻമാരുടെ' ലക്ഷ്യം കേരളം: അടുക്കളയിൽ എത്തിക്കുമ്പോൾ ജാഗ്രത വേണം
കൊച്ചി: ട്രോളിംഗ് നിരോധന കാലത്ത് പൊന്നിന്റെ വിലയാണ് മീനിന്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടികൂടിയതെന്ന് പറഞ്ഞ് നമ്മുടെ അടുക്കളയിലെത്തുന്നത് വരത്തനാവാൻ സാദ്ധ്യതയുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധന ശക്തമാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
കടലിലെ മത്സ്യക്കുറവും കടൽക്ഷോഭവും കേരളത്തിലെ മത്സ്യത്തൊഴിലാളികളെ തളർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. പത്തുവർഷത്തിന് ശേഷം കഴിഞ്ഞ വർഷം കേരളതീരത്ത് നിന്ന് മത്തി ധാരാളം ലഭിച്ചിരുന്നു. എന്നാൽ, മറ്റ് മീനുകളുടെ ലഭ്യത കുറവായിരുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ മാസങ്ങളിൽ പഴകിയ മീൻ വില്പന വ്യാപകമായിരുന്നു. രാസവസ്തുക്കൾ ചേർത്ത് മീൻ എത്തിക്കുന്നതായി സംശയമുണ്ട്. മുമ്പ് കൂത്താട്ടുകുള, ഇലഞ്ഞി, പാമ്പക്കുട എന്നിവിടങ്ങളിൽ നിന്ന് 126 കിലോ പഴകിയ മീൻ പിടിച്ചെടുത്തിരുന്നു.
കിട്ടാനില്ല പരിശോധനാകിറ്റ്
മീനിലെ രാസസാന്നിദ്ധ്യം കണ്ടെത്താൻ ആറുവർഷം മുമ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) വികസിപ്പിച്ച പരിശോധനാ കിറ്റ് ഇപ്പോൾ വിപണിയില്ല. എത്രയും വേഗം ഈ കിറ്റ് ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. 342 രൂപ വിലയുള്ള ഒരു കിറ്റിൽ നിന്ന് 25 തവണ പരിശോധന നടത്താം.
തമിഴ്നാട് തീരത്ത് നിന്നാണ് കേരളത്തിലേയ്ക്ക് മത്തി വരവ്. കടലൂർ, നാഗപട്ടണം, തൂത്തുക്കുടി എന്നിവിടങ്ങളിൽ കേരളത്തിലേതുപോലെ സമാനമായ രീതിയിലുള്ള നെയ്‌ചാള സുലഭമായി ലഭിക്കും. 40-50 രൂപയാണ് അവിടെ വില, തമിഴ്‌നാട്ടുകാർക്ക് നെയ് ചാള താത്പര്യമില്ലാത്തതിനാൽ പിടിക്കുന്ന മുഴുവൻ മീനും കേരളത്തിലേക്ക് എത്തും. കർണാടകയിൽ നിന്ന് അയലയും ആന്ധ്രയിൽ നിന്ന് കിളിമീനും വരും.
ജില്ലയിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നിയാൽ മൊബൈൽ ലാബ് പരിശോധനയുമുണ്ട്. താപനില കൃത്യമായി ക്രമീകരിക്കുന്ന ഇൻസുലേറ്റഡ് വാനിലായിരിക്കണം മീൻ എത്തിക്കേണ്ടത്. ഗുണ നിലവാരം ഇല്ലാത്തവ നശിപ്പിക്കും
പി.കെ. ജോൺ വിജയകുമാർ
അസി. കമ്മിഷ്ണർ
ഭക്ഷ്യസുരക്ഷാ വകുപ്പ്
കേരളത്തിൽ പ്രതിവർഷം ആവശ്യമായ മീൻ 9.25 ലക്ഷം ടൺ ആണ്. ഇവിടെ പിടികൂടുന്നത് 6.5 ലക്ഷം ടൺ മാത്രമാണ്. ബാക്കി എത്തുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. പരിശോധന കടുപ്പിച്ചില്ലെങ്കിൽ അഴുകിയ മീൻ കഴിക്കേണ്ടി വരും.
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി