തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുകാരണം മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം; മതമേധാവികൾക്ക് അമിത പ്രാധാന്യം നൽകിയെന്നും സിപിഐ

Sunday 16 June 2024 2:56 PM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുകാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്‌ട്യമെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിലാണ് വിമർശനമുയർന്നത്.

ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വയോഗങ്ങൾ രാഷ്ട്രീയവിശകലന യോഗങ്ങൾ ആകേണ്ടതിനുപകരം മതയോഗങ്ങളായി മാറി. യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം നൽകി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് രാജ്യസഭാ സീറ്റിലേയ്ക്ക് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. നവകേരള സദസിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും തിരിച്ചടിയായി. സപ്ളൈകോയുടെ ദുരവസ്ഥ ജനങ്ങളെ സർക്കാരിനെതിരെയാക്കി. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഭരണവിരുദ്ധ വികാരമാണ് ഉണ്ടായത്. സംസ്ഥാന മന്ത്രിമാരുടെ പ്രകടനം മോശമായിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്തുന്നതിനും തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിനും അഞ്ച് ദിവസത്തെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്നുതുടക്കമായിരിക്കവേയാണ് സിപിഐയുടെ വിമർശനം ഉയർന്നത്. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. 18,19,20 തീയതികളിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരും.

പാർട്ടി നേതാക്കളും കേഡർമാരും അഴിമതിയുടെയും ധനസമ്പാദനത്തിന്റെയും മുതലാളിത്ത മനോഭാവത്തിന്റെയും ദു:സ്വാധീനത്തിൽപ്പെടരുതെന്ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ചേർന്ന സിപിഎം സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ് നൽകിയിരുന്നു. കേഡർമാരിലേക്ക് അരിച്ചുകയറിയ അത്തരം ദുഷ്‌പ്രവണതകളും മുതലാളിത്ത സ്വാധീനവും തൂത്തെറിഞ്ഞ് പാർട്ടിയെ ശുദ്ധീകരിക്കുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശം. എല്ലാം തികഞ്ഞവരെന്ന് നമ്മൾ കരുതരുതെന്നും, തിരുത്തേണ്ടപ്പോൾ തിരുത്തണമെന്നുമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മുന്നറിയിപ്പ്.

Advertisement
Advertisement