പൊറോട്ട അമിതമായി കഴിച്ച പശുക്കൾ ചത്തു; സംഭവം കൊല്ലത്ത്

Sunday 16 June 2024 6:20 PM IST

കൊല്ലം: കാലിത്തീറ്റയ്ക്ക് പകരം അമിതമായി പൊറോട്ട നൽകിയതിനെ തുടർന്ന് വെളിനല്ലൂർ വട്ടപ്പാറ അൻസിറ മാൻസിലിൽ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് കറവപ്പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിൽ. 30 പശുക്കളും രണ്ട് കാളയും രണ്ട് പോത്തുമാണ് ഫാമിലുണ്ടായിരുന്നത്. കാളയും പോത്തുമൊഴികെയുള്ളവയ്ക്കാണ് പൊറോട്ട നൽകിയത്. മറ്റു പശുക്കൾക്ക് അധികം പ്രശ്നമില്ല. അവ നിരീക്ഷണത്തിലാണ്.

ശനിയാഴ്ച രാവിലെയാണ് പൊറോട്ട നൽകിയത്. തുടർന്ന് പശുക്കൾ കുഴഞ്ഞുവീണു. ആദ്യ പശു വൈകിട്ട് നാലിനും മറ്റുള്ളവ ഇന്നലെ രാവിലെ എട്ടോടെയുമാണ് ചത്തത്. വയർ വീർത്ത നിലയിലായിരുന്നു. കാലിത്തീറ്റയ്ക്ക് വില കൂടുതലായതിനാൽ പൊറോട്ട, പയർ, ചക്ക, പുളിയരി തുടങ്ങിയവയാണ് തീറ്റയായി നൽകിയിരുന്നത്.


സാധാരണ ഹസ്ബുള്ളയാണ് പശുക്കൾക്ക് തീറ്റ നൽകുന്നത്. എന്നാൽ, ശനിയാഴ്ച അദ്ദേഹത്തിന് പകരമെത്തിയ ആൾ അളവറിയാതെ പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർക്കുകയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാറിന്റെ നിർദ്ദേശ പ്രകാരം വെറ്ററിനറി സർജൻമാരടങ്ങുന്ന എമർജൻസി റെസ്‌പോൺസ് ടീം സ്ഥലത്തെത്തി പശുക്കളുടെ പോസ്റ്റുമോർട്ടം നടത്തി.

വയർ കമ്പനവും തുടർന്നുള്ള അമ്ല വിഷബാധയും നിർജ്ജലീകരണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അവശനിലയിലായവയ്ക്ക് ചികിത്സ നൽകി. ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ ലാക്റ്റിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ ഉണ്ടാകുന്നതും തുടർന്ന് നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഡി ഷൈൻകുമാർ പറഞ്ഞു.

പൊറോട്ട വില്ലൻ

  • നെയ്യും പൂരിത കൊഴുപ്പുകളും ചേർത്താണ് പൊറോട്ട ഉണ്ടാക്കുന്നത്
  • ഇത് പശുക്കൾക്ക് ദഹന പ്രശ്നം ഉണ്ടാക്കും
  • നന്നായി പൊടിച്ച മൈദ മാവിൽ കുറഞ്ഞ നാരുകളേയുള്ളു
  • ഇത് വയറ്റിൽ കിടന്ന് പുളിച്ച് അമ്ല വിഷബാധയാകും
  • പഴകിയ പൊറോട്ടയിൽ ഫംഗസ് ബാധയും കൂടുതലാണ്

Advertisement
Advertisement