സ്കൂളിലെ കുതിരപ്പെണ്ണിന് ഒരു സുന്ദരിക്കുഞ്ഞ്, സെന്റ് ആന്റണീസ് സ്കൂളിൽ ഉത്സവാവേശം

Monday 17 June 2024 12:00 AM IST

കോലഞ്ചേരി: നാളെ രാവിലെ കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളെ കാത്ത് ഒരു കി​ടി​ലൻ സർപ്രൈസുണ്ട്. നമുക്കും അത് സർപ്രൈസ് തന്നെ. കുട്ടികളുടെ പ്രിയങ്കരി​യായ മേരിയാൻ എന്ന വെള്ളക്കുതിരയ്ക്ക് ഒരു സുന്ദരിക്കുഞ്ഞ്. ശനിയാഴ്ച വൈകിട്ട് നാലിന് സ്കൂൾ ഗ്രൗണ്ടിലായിരുന്നു മേരിയാന്റെ സുഖപ്രസവം.

എട്ടുമാസം മുമ്പ് വിദ്യാർത്ഥികളെ കുതിരസവാരി പഠിപ്പിക്കാനായി കണ്ണൂരിൽ നിന്ന് സ്കൂൾ മാനേജ്മെന്റ് 80,​000 രൂപയ്ക്ക് വാങ്ങിയതാണ് നാലുവയസുകാരിയെ. സ്കൂളിനായതുകൊണ്ട് വിലകുറച്ച് ലഭിച്ചതാണ്. അപ്പോൾ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. നാലരയടി ഉയരമുള്ള മേരിയാൻ ആരോടും എളുപ്പം ഇണങ്ങും. അനുസരണ ശീലവുമുണ്ട്.

സെക്യൂരിറ്റിക്കാരായ അനിലും അലക്സും മറ്റ് ജീവനക്കാരുമാണ് കുട്ടികളെ പരിശീലനത്തിന് സഹായിക്കുക. സ്കൂളിലെ 1200 കുട്ടികൾക്കും അവൾ പ്രിയങ്കരിയാണ്.

അടുത്തിടെയാണ് മേരിയാന്റെ ഗർഭാലസ്യം ശ്രദ്ധയിൽപ്പെട്ടത്. അതിനുശേഷം സവാരിക്ക് വി​ടാതെ സമ്പൂർണ വിശ്രമം നൽകി. ശനിയാഴ്ച സ്കൂളിനു മുന്നിലുള്ള ഗ്രൗണ്ടിലെ പ്രസവവും അപ്രതീക്ഷി​തമായിരുന്നു. മേരിയാനെയും കുഞ്ഞിനെയും കാണാൻ സന്ദർശകർ നിരന്തരം വരുന്നുണ്ട്.

നിരവധി അലങ്കാരപ്പക്ഷികളെയും മുയൽ, ഇഗ്വാന തുടങ്ങിയ മറ്റ് ജീവികളെയും സ്കൂളിൽ വളർത്തുന്നുണ്ട്. 160 ഇനം ആയുർവേദ ചെടികളുടെ തോട്ടവും അലങ്കാരമത്സ്യങ്ങളെ വളർത്തുന്ന അക്വേറിയങ്ങളും ഇവിടെയുണ്ട്.

അമ്മക്കുതിര ദേഷ്യത്തിലാണ്

സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ പറയുന്നതിനപ്പുറം പോകില്ല മേരിയാൻ. അച്ചനെ കണ്ടാലോ, കാറിന്റെ ശബ്ദം കേട്ടാലോ ഓടിയെത്തും. പ്രസവാനന്തരം പക്ഷേ, ആൾ അല്പം ദേഷ്യക്കാരിയാണ്. കുഞ്ഞിനെ കണ്ടുരസിക്കുന്നവരോട് പരുഷമായാണ് മേരിയാന്റെ പെരുമാറ്റം. ഇഷ്ടപ്പെട്ട കപ്പലണ്ടി മിഠായി കൊടുത്താൽ പ്പോലും അത്ര പ്രിയമല്ല. നെറ്റിയിൽ പുള്ളിയുള്ള കാപ്പികളറിലെ സുന്ദരിപ്പെൺകുഞ്ഞിനെ അടുത്തുനിന്ന് നോക്കാൻ പോലും ആരെയും അവൾ അനുവദിക്കുന്നില്ല.

''ഇപ്പോൾ സൗജന്യമായാണ് സ്കൂളിൽ കുതിര സവാരി പരിശീലനം. പരിശീലകനെ നിയമിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അപ്പോൾ ഫീസും ഈടാക്കേണ്ടി വരും.

ഫാ. ഫ്രാൻസിസ് അരീക്കൽ

സ്കൂൾ മാനേജർ

Advertisement
Advertisement