കത്തിമുനയിൽ നിറുത്തി മർദ്ദനം,​ കവർച്ച: നാലുപേർ പിടിയിൽ

Monday 17 June 2024 12:24 AM IST

കൊച്ചി: ക്രിമിനലുകളെ ഒതുക്കാൻ പൊലീസ് തലങ്ങും വിലങ്ങും പായുമ്പോൾ കൊച്ചി നഗരമദ്ധ്യത്തിൽ കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിൽ സ്പാ ജീവനക്കാരിയെ കത്തിമുനയിൽ നിറുത്തി മർദ്ദിച്ച് അവശയാക്കി ആറ് ലക്ഷം രൂപ യുടെ സ്വർണാഭരണങ്ങൾ കവർന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ സുഹൃത്തു കൂടിയായ സ്പാ പാർട്ണറുടെ പരാതിയിൽ നാലുപേരെ എറണാകുളം നോർത്ത് പൊലീസ് സാഹസികമായി പിടികൂടി. തൃശൂർ പൂത്തോൾ താന്നിക്കൽ വീട്ടിൽ ആകാശ് വർഗീസ് (30), തൃശൂർ പെരുങ്ങാട്ടുകര അയ്യാണ്ടി വീട്ടിൽ രാകേഷ് (കൈക്കുരു രാകേഷ്), തൃശൂർ പാലുശേരി പ്രാമംഗലം വീട്ടിൽ നിഖിൽ വിജയസത്യാനന്ദൻ (30), തൃശൂർ പാടൂർ മമ്മശ്രയത്തിൽ വീട്ടിൽ സിയാദ് സലാം (27) എന്നിവരെയാണ് എസ്.ഐ രതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

എട്ട് മാസം മുമ്പ് തൃശൂർ അന്തിക്കാട് പൊലീസിന് നേരെ കത്തിവീശിയതടക്കം 33 കേസുകളിലെ പ്രതിയാണ് സിയാദ്. രാകേഷിനും ആകാശിനും ക്രിമിനൽ കേസുകളുണ്ട്. കതൃക്കടവിലെ സി.ബി.ഐ ക്വട്ടേഴ്സിന് സമീപത്തെ സ്പായിലെ ഉദയംപേരൂർ സ്വദേശിനിയായ ജീവനക്കാരിയാണ് അക്രമത്തിന് ഇരയായത്. എറണാകുളം കറുകപ്പള്ളി സ്വദേശിയും തൃശൂർ സ്വദേശിയുമാണ് സ്പായുടെ ഉടമകൾ. സൈബർ രംഗത്ത് വിദഗ്ദ്ധനാണ് യുവതിയുടെ അടുത്തസുഹൃത്ത് കൂടിയായ കറുകപ്പള്ളി സ്വദേശി. പ്രതികൾ ഒരു പ്രവാസിയുടെ വിവരങ്ങൾ ഹാക്ക് ചെയ്ത് നൽകാമോയെന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതിലെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

കുറകപ്പള്ളി സ്വദേശിയെ തേടിയാണ് സംഘം എത്തിയത്. ഉദയംപേരൂർ സ്വദേശിനി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. യുവതിയുമായുള്ള കറുകപ്പള്ളി സ്വദേശിയുടെ അടുപ്പം മനസിലാക്കിയാണ് ഗുണ്ടകൾ ഇവരെ ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. മൂക്കുത്തി വരെയുള്ള ആഭരണങ്ങൾ ഇവർ കൈക്കലാക്കി കടന്നുകളഞ്ഞു. അന്ന് വൈകിട്ടാണ് പൊലീസിന് മുന്നിൽ പരാതി എത്തുന്നത്. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. തൃശൂരിലെ ഇവരുടെ കേന്ദ്രങ്ങളിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആഭരണങ്ങളും കണ്ടെടുത്തതായാണ് വിവരം.

Advertisement
Advertisement