ഭക്തർക്ക്പൂർണ്ണ ദർശനം നൽകി 'കുഞ്ഞു ബബിയ'

Monday 17 June 2024 12:00 AM IST
അനന്തപുരം ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പൂർണ്ണ ദർശനം നൽകി കുഞ്ഞു ബബിയ

കാസർകോട്: കുമ്പള അനന്തപുരം ക്ഷേത്രക്കുളത്തിൽ പുതുതായി കണ്ടെത്തിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകോവിലിന് സമീപം ആനപ്പടിക്ക് വടക്കുഭാഗത്ത് എല്ലാവർക്കും കാണാൻ കഴിയുന്ന വിധം എത്തുകയായിരുന്നു.

ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചുപോയ ക്ഷേത്ര പൂജാരി സുബ്രഹ്മണ്യ ഭട്ട് വൈകീട്ട് എത്തിയപ്പോഴാണ്നാലര അടി നീളമുള്ള മുതലക്കുഞ്ഞിനെ കണ്ടത്. ദൃശ്യം പൂജാരി മൊബൈലിൽ പകർത്തി. അരമണിക്കൂറോളം അവിടെ കിടന്നശേഷം വെള്ളത്തിലേക്ക് പോയി. കഴിഞ്ഞ നവംബറിലാണ് മുതല കുഞ്ഞിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.

80 വർഷത്തോളം ജീവിച്ചിരുന്ന യഥാർഥ ബബിയ 2022 ഒക്ടോബർ 9നാണ് ചത്തത്. പകരം മറ്റൊരു മുതല എത്തുമെന്ന് പ്രശ്ന ചിന്തയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കുമ്പള അനന്തപുരം തടാക ക്ഷേത്രം. ബബിയയ്ക്കു മുമ്പുണ്ടായിരുന്ന മുതലയെ 1945ൽ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നതായാണ് പറയപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിലാണ് ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടത്.