യുക്രെയി​നിൽ പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, രജിസ്ട്രേഷനും ഇന്റേൺഷിപ്പും വൈകുന്നു

Monday 17 June 2024 12:00 AM IST

കൊച്ചി: യുദ്ധവും കൊവിഡും അതിജീവിച്ച് യുക്രെയിനിൽ എം.ബി.ബി.എസ് വിജയിച്ചവർ രജിസ്ട്രേഷനും ഇന്റേൺഷിപ്പും ലഭിക്കാതെ പ്രതിസന്ധിയിൽ.

സംസ്ഥാന മെഡിക്കൽ കൗൺസിലിൽ അപേക്ഷിച്ചവർക്ക് ഒമ്പത് മാസമായിട്ടും രജിസ്ട്രേഷൻ ലഭിച്ചിട്ടില്ല. രജിസ്ട്രേഷൻ ലഭിച്ചാലേ ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ കഴിയൂ.

ആറുവർഷ കോഴ്സ് പൂർത്തിയാക്കിയെങ്കിലും നാഷണൽ മെഡിക്കൽ കമ്മിഷനും (എൻ.എം.സി) സംസ്ഥാന മെഡിക്കൽ കൗൺസിലും വിവേചനം കാണിക്കുകയാണെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നു.

യുക്രെയിനിൽ യുദ്ധം ആരംഭിച്ചതോടെ നാട്ടിലെത്തി ഓൺലൈനിൽ പഠനം തുടർന്ന് തിരിച്ചുപോയി പൂർത്തിയാക്കിയവരാണ് ആശങ്കയിലായത്.

യുക്രെയി​നിൽ 3000 ലധികം മലയാളി വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവരിൽ 600 പേർ കോഴ്സ് പൂർത്തിയാക്കിയെങ്കിലും നാട്ടിൽ രജിസ്ട്രേഷനും ഇന്റേൺഷിപ്പ് അവസരവും അന്യായമായി നിഷേധിക്കുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിദേശത്ത് പഠിച്ചവർ മൂന്നുവർഷം ഇന്റേൺഷിപ്പ് ചെയ്യണമെന്ന എൻ.എം.സി ഉത്തരവ് കൂനിന്മേൽ കുരുവുമായി.

യുദ്ധവും കൊവിഡും മൂലം നഷ്ടപ്പെട്ടതിന് പകരം ക്ളാസ് നേടിയെന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന എൻ.എം.സിയുടെ ഉത്തരവ് തിരിച്ചടിയായി. ഇതുമൂലം മൂന്നുവർഷം ഇന്റേൺഷിപ്പ് ചെയ്യേണ്ടിവരും. രജിസ്ട്രേഷനും ഇന്റേൺഷിപ്പും വൈകുന്നത് കാരണം 10 വർഷത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതെ വരുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

ലോക ഗ്രേഡിംഗിൽ ഇന്ത്യയിലെ സ്ഥാപനങ്ങളെക്കാൾ മുകളിലുള്ള യുക്രെയിനിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോടുള്ള വിവേചനം അധികൃതർ അവസാനിപ്പിക്കണമെന്ന് രക്ഷിതാക്കൾ പറഞ്ഞു. യുദ്ധമേഖലയിലുള്ളവർക്ക് സമീപ രാജ്യങ്ങളിൽ പഠിക്കാൻ അനുമതി നൽകിയെങ്കിലും വിസ നൽകാനുള്ള നടപടികൾ ഇഴയുന്നതുമൂലം മാറാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

`അധികൃതർ വിവേചനം അവസാനിപ്പിക്കണം. പഠനം പൂർത്തിയാക്കിയവരുടെ സമയം നഷ്‌ടമാക്കരുത്. മൂന്നുവർഷം ഇന്റേൺഷിപ്പെന്ന വ്യവസ്ഥ പിൻവലിക്കണം.'

- ഇ.കെ. രമേശൻ, പ്രസിഡന്റ്

ഓൾ കേരള യുക്രെയിൽ സ്റ്റുഡന്റ്സ്

ആൻഡ് പേരന്റ്സ് അസോസിയേഷൻ

Advertisement
Advertisement