പാഠപുസ്‌തങ്ങളിൽ നിന്ന് ബാബറി മസ്‌ജിദ് ഒഴിവാക്കൽ: ന്യായീകരിച്ച് എൻ.സി.ഇ.ആർ.ടി

Monday 17 June 2024 12:00 AM IST

ന്യൂഡൽഹി: കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നത് പൗരന്മാരിൽ നല്ല സ്വാധീനം ചെലുത്തില്ലെന്നും അക്രമാസക്തരും വിഷാദരോഗികളുമായ വ്യക്തികളെ സൃഷ്ടിക്കുമെന്നും എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ളാനി. 12-ക്ളാസ് പാഠപുസ്‌തകത്തിൽ നിന്ന് ഗുജറാത്ത് കലാപത്തെയും ബാബറി മസ്ജിദ് തകർച്ചയെയും അടിസ്ഥാനമാക്കിയുള്ള അദ്ധ്യായങ്ങളിൽ മാറ്റം വരുത്തിയത് സംബന്ധിച്ചാണ്

പ്രതികരണം.

സ്‌കൂൾ പാഠപുസ്തകങ്ങളിൽ എന്തിനാണ് കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്. . 1984 ലെ ഡൽഹി കലാപത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിന് ഇത്രയും പ്രതിഷേധമില്ല.

സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നതോ, അതിന് ഇരയാകുന്നതോ ആയ രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്നതല്ല വിദ്യാഭ്യാസം. കൊച്ചുകുട്ടികളെ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ല. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അവർ വലുതാകുമ്പോൾ മനസ്സിലാക്കട്ടെ.

പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കാവിവത്ക്കരിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കവെ, കാലഹരണപ്പെട്ടവ മാറ്റണമെന്നും അത് കാവിവത്ക്കരണമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രസക്തി നഷ്‌ടപ്പെട്ടവ മാറ്റി പുതിയവ ചേർക്കുന്നതിൽ അജണ്ടകളില്ല. വിദ്യാർത്ഥികളെ വസ്തുതാപരമായ അറിവോടെ ചരിത്രം പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനെ ഒരു യുദ്ധക്കളമാക്കരുത്. കർസേവകരുടെ പങ്ക് ഉൾപ്പെടുന്ന ഭാഗം നീക്കം ചെയ്‌തത് സുപ്രീംകോടതിയുടെ അനുകൂല വിധിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടിയാണ്.നമ്മൾ പുതിയ പാർലമെന്റ് നിർമ്മിച്ചത് വിദ്യാർത്ഥികൾ അറിയേണ്ടേ. ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ച് പറയുന്നത് എങ്ങനെ കാവിവത്ക്കരണം ആകും?

പുസ്‌തകത്തിലെ

മാറ്റങ്ങൾ:

□12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കുകയും അയോദ്ധ്യ ഭാഗം നാലിൽ നിന്ന് രണ്ടു പേജായി ചുരുക്കുകയും ചെയ്തു.

□ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ബി.ജെ.പിയുടെ 'രഥയാത്ര', 'കർസേവകരുടെ' ഇടപെടൽ, ബാബറി മസ്ജിദ് തകർത്തതിനെ തുടർന്നുള്ള വർഗീയ കലാപം, ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തൽ, അയോദ്ധ്യയിലെ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച ബി.ജെ.പിയുടെ പ്രസ്താവന തുടങ്ങിയവയും ഒഴിവാക്കി.

Advertisement
Advertisement