മുഖംമൂടി സംഘം കാർ തടഞ്ഞ് ആക്രമിച്ചു; 4 പേർ അറസ്റ്റിൽ, പ്രതികളിൽ സൈനികനും

Monday 17 June 2024 12:00 AM IST

കൊച്ചി: സേലം -കൊച്ചി ദേശീയപാതയിൽ കോയമ്പത്തൂരിനു സമീപംവച്ച് മലയാളി യാത്രക്കാരെ മുഖംമൂടി സംഘം കാർ തടഞ്ഞ് ആക്രമിച്ചു. നാലുപേരെ മധുക്കര പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെയാണ് പാലക്കാട് നിന്ന് പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖ്, ചാൾസ് റജി, സുഹൃത്തുക്കളായ അക്ഷയ്, നിഥിൻ എന്നിവർ സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച പുലർച്ചെ കോയമ്പത്തൂർ മധുക്കര എൽ. ആൻഡ് ടി ബൈപ്പാസിൽ ആക്രമിച്ചത്.

അറസ്റ്റിലായ വിഷ്ണു മദ്രാസ് റജിമെന്റിൽ സൈനികനാണെന്ന് സൂചനയുണ്ട്. ജൂൺ നാലിന് അവധിക്കുവന്നശേഷം തിരിച്ചുപോയിട്ടില്ലത്രേ. കുഴൽപ്പണം ഉണ്ടെന്നു കരുതിയാണ്

ആക്രമിച്ചതെന്ന് കരുതുന്നു. അക്രമികൾ വന്ന രണ്ട് കാറുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മൂന്ന് കാറുകളിലാണ് പതിനഞ്ചംഗ മുഖംമൂടി സംഘം എത്തിയത്. ഇവർ കാർ അടിച്ചുതകർക്കുന്നതിനിടെ വഴിതടഞ്ഞ കാറുകൾ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവ് ചെയ്ത അസ്ളത്തിന്റെ മനഃസാന്നിദ്ധ്യമാണ് തുണയായത്. അക്രമി സംഘം ടോൾ പ്ലാസ വരെ പിന്തുടർന്നു. പൊലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

ഇവർ മധുക്കര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച മധുക്കര സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിനെ ഓവർടേക്ക് ചെയ്തത് സംബന്ധിച്ച പ്രശ്നമാകും എന്നാണ് കരുതിയതെന്ന് അസ്ളം പറഞ്ഞു. ഗ്രാഫിക് ഡിസൈൻ സ്ഥാപനം തുടങ്ങുന്നതിന് കമ്പ്യൂട്ടറുകൾ വില കുറച്ച് വാങ്ങാനാണ് ബംഗളൂരുവിലേക്ക് പോയത്.

കുന്നത്തുനാട്പൊലീസ്

അവഹേളിച്ചെന്ന്

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ സംഭവം ധരിപ്പിക്കാൻ എത്തിയപ്പോൾ പൊലീസ് വളരെ പരുഷമായി പെരുമാറിയെന്ന് യുവാക്കൾ പരാതിപ്പെട്ടു. അധികാരപരിധിയിൽ പെടാത്ത സ്ഥലത്ത് നടന്ന സംഭവത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് പൊലീസും പറയുന്നു. പെരുമ്പാവൂർ ഡിവൈ.എസ്.പിയും റൂറൽ എസ്.പിയും യുവാക്കളെ വിളിച്ച് വിവരം തേടി. നാളെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Advertisement
Advertisement