കുതിച്ചുയർന്ന്  ചിക്കൻ വില 

Sunday 16 June 2024 10:57 PM IST

പൊന്നാനി: മത്സ്യം വില പോലെ കുതിച്ചുയരുകയാണ് ചിക്കന്റെ വിലയും. ഒരു കിലോ മത്തിക്ക് നിലവിൽ 300രൂപയാണ് വില. ഇതേ പോലെ ചിക്കന്റെ വിലയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കിലോക്ക് 70രൂപയുടെ അടുത്താണ് കൂടിയത്. മുൻപ് 170രൂപ വരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 240രൂപയുടെ അടുത്താണ് ഒരു കിലോക്ക് വില. ഇതോടെ പൊറുതിമുട്ടിയ അവസ്ഥയിലാണ് ഹോട്ടൽ ഉടമകൾ.മത്സ്യ ലഭ്യതയുടെ കുറവും ബലിപെരുന്നാളും മുന്നിൽ കണ്ടാണ് ചിക്കന് വില കൂട്ടിയത്. ചിക്കന് വില പ്രധാനമായും ചിക്കൻ വിഭവങ്ങൾക്ക് ഹോട്ടലുകളിൽ വലിയ ഡിമാൻഡാണ്. ബിരിയാണി, അൽഫാം, കുഴിമന്തി എന്നിങ്ങനെയാണ് ഡിമാൻഡ്. വലിയ തോതിൽ കച്ചവടം നടക്കുന്ന ഷവർമയക്കും ആവശ്യക്കാരേറെയാണ്.ചിക്കനും പച്ചക്കറിക്കും വില വർധിച്ചതോടെ കല്യാണചിലവും ഇതേ രീതിയിൽ ഇരട്ടിയായി. ഒരു സാധാരണ ഹോട്ടലുകാരൻ ഒരുദിവസം ഏകദേശം 40 കിലോയോളം ചിക്കൻ വാങ്ങും. ഇതോടെ നിലവിൽ ദിവസം 3000രൂപയുടെ അടുത്ത് നഷ്ടം സഹിച്ചാണ് ഹോട്ടൽ വ്യവസായം മുന്നോട്ട് നീങ്ങുന്നത്.കൂടാതെ മത്സ്യ ലഭ്യത കുറവായതിനാൽ ഭൂരിഭാഗം വീടുകളിലും ചിക്കൻ വാങ്ങിയിരുന്നു. എന്നാൽ അതും ഇപ്പോൾ ഏറെ കുറെ കുറഞ്ഞെങ്കിലും ട്രോളിംഗ് നിരോധനമായതിനാൽ ഇനിയും വില ഉയരുമെന്നാണ് ഹബ്ബ ഹോട്ടൽ ഉടമ റഫീഖ് പറയുന്നത്.വില പിടിച്ചു നിർത്താൻ കുടുംബശ്രീ പോലുള്ള ഏജൻസികളെ മുൻപിലിറക്കി സർക്കാർ പറഞ്ഞ കേരള ചിക്കൻ ആശയവും വിജയമായില്ല. നിലവിൽ അന്യസംസ്ഥാനത്ത് നിന്നാണ് കേരളത്തിൽ കോഴി എത്തുന്നത്. അതിനാൽ വിലപിടിച്ചു നിർത്തുക നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ലെന്നാണ് ഹോട്ടലുകാർ പറയുന്നത്.

Advertisement
Advertisement