കൈപൊള്ളിച്ച് പെരുന്നാൾ വിപണി

Monday 17 June 2024 1:26 AM IST

പാലക്കാട്: പച്ചക്കറി, പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ സകലതിനും വിലയേറിയതോടെ പെരുന്നാൾ വിപണിയിൽ സാധാരണക്കാരന് കൈപൊള്ളുന്നു. പച്ചമുളക്, നേന്ത്രക്കായ, മല്ലിയില, പുതീന, മുരിങ്ങക്കായ, ഇളവൻ എന്നിവക്കാണ് പ്രധാനമായും വില വർദ്ധിച്ചിട്ടുള്ളത്. പച്ചമുളകിന് 20-30 രൂപയും നേന്ത്രക്കായയ്ക്ക് 20 രൂപയും മല്ലിയിലയ്ക്ക് 110-120 രൂപയും പുതിനയ്ക്ക് 100-120 രൂപയുമാണ് കൂടിയത്. ദിവസങ്ങൾക്കിടെ തക്കാളിക്ക് 25 രൂപ വരെ കൂടി. 45-48 രൂപയിൽ നിന്ന് 70 ലേക്കാണ് തക്കാളി വില കുതിച്ചത്. കയ്പയ്ക്ക, മത്തൻ എന്നിവക്കാണ് വലിയ മാറ്റമില്ലാത്തത്. വരുംദിവസങ്ങളിൽ പച്ചക്കറിക്ക് ഇനിയും വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. രണ്ടുമാസം മുമ്പ് വെള്ളത്തിന്റെ കുറവ് മൂലം വിളവ് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാട്, കർണാടക വിപണികൾ പച്ചക്കറിക്ക് വില വർദ്ധിപ്പിച്ചത്. ഇപ്പോൾ മഴക്കെടുതിയാണ് വിലവർദ്ധനയ്ക്ക് കാരണമായി കച്ചവടക്കാർ പറയുന്നത്.


 വില കുറയാതെ ഇറച്ചിക്കോഴി

കഴിഞ്ഞ രണ്ടാഴ്ചയായി കുറയാതെ ഇറച്ചിക്കോഴി വില. മേയ് അവസാനം 140 -155 രൂപയായിരുന്ന ഇറച്ചിക്കോഴി ജൂൺ ആദ്യം തന്നെ വില ഉയർന്നിരുന്നു. ഇപ്പോൾ 175 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇറച്ചിക്കോഴിയുടെ ലഭ്യത കുറച്ചതാണ് വിലവർദ്ധനയ്ക്ക് കാരണം. ഇതുകൂടാതെ കഴിഞ്ഞമാസം ഒറ്റയടിക്ക് ഉയർത്തിയ ആട്, പോത്ത് ഇറച്ചി വില അതേ നിലയിൽ തുടരുകയാണ്.

600 രൂപയുണ്ടായിരുന്ന ആട്ടിറച്ചി 750 മുതൽ 800 രൂപ വരെയും 320 രൂപയുണ്ടായിരുന്ന പോത്തിറച്ചി 400 വരെയുമാണ് വില ഉയർന്നത്. പലചരക്കുവിപണിയിൽ ഏലം, കുരുമുളക് എന്നിവക്കാണ് വൻ വിലക്കയറ്റം. ഏലം കിലോക്ക് 300 വരെയും കുരുമുളക് 150 വരെയും വിലയേറി. ശർക്കര, ബിരിയാണി അരി എന്നിവക്ക് കിലോക്ക് അഞ്ച് രൂപ വരെ വിലയേറിയിട്ടുണ്ട്. വെളിച്ചെണ്ണക്കും ചെറിയ രീതിയിൽ വിലയേറി.

 പച്ചക്കറി വില

(പഴയ വില ബ്രാക്കറ്റിൽ)

പയർ-85(65)

ബീൻസ്-120(100)

വെള്ളരി-38(30)

വെണ്ടയ്ക്ക-60(35)

തക്കാളി-70(48)

പച്ചമുളക്- 145(120)

നേന്ത്രക്കായ-60(40)

മല്ലിയില-220(90)

പുതീന-180(60)

ഇളവൻ-42(26)

Advertisement
Advertisement