ഫണ്ടില്ലാതെ ‘പി.എം യുവ’ പദ്ധതി യുവാക്കളുടെ സംരംഭക സ്വപ്നം പാതിവഴിയിൽ

Monday 17 June 2024 1:27 AM IST
kudumbasree

പാലക്കാട്: യുവാക്കളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘പി.എം യുവ’ പദ്ധതി കേരളത്തിൽ ക്ലെച്ച് പിടിച്ചില്ല. പദ്ധതി നടത്തിപ്പുകാരായ കേന്ദ്ര ഏജൻസി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻറർപ്രണർഷിപ്പ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്‌മെന്റിൽ(നിസ്ബെഡ്) നിന്നും ആവശ്യമായ ഫണ്ട് യഥാസമയം ലഭിക്കാത്തതാണ് പദ്ധതി പാതിവഴിയിലാകാൻ ഇടയാക്കിയത്. ഇതോടെ പരിശീലനം ലഭിച്ചവർ സംരംഭം തുടങ്ങാനാകാതെ നെട്ടോട്ടത്തിലാണ്.

പരിശീലനം പൂർത്തിയാക്കിയ 1607 വിദ്യാർത്ഥികൾക്കും സംരംഭം തുടങ്ങിയവരും തുടങ്ങാനിരിക്കുന്നവരുമായ 280 പേർക്കും സർട്ടിഫിക്കറ്റും സംസ്ഥാനതലത്തിൽ മികച്ച പുതിയ സംരംഭങ്ങൾ, മികച്ച സ്കെയിൽ അപ് സംരംഭങ്ങൾ, മികച്ച ബിസിനസ് പ്ലാൻ, മികച്ച സ്ഥാപനം എന്നിങ്ങനെ പുരസ്കാരങ്ങളും നൽകിയിരുന്നു. എന്നാൽ, പരിശീലനം പൂർത്തിയാക്കിയവർ ഓരോ ഘട്ടത്തിലും സഹായങ്ങൾ ചോദിച്ചെത്തിയതോടെ തുടർസഹായങ്ങൾ നൽകാൻ കഴിയാത്തത് തിരിച്ചടിയായി.

 2020-ൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ എന്നിങ്ങനെ അഞ്ച് ജില്ലകളിലാണ് പൈലറ്റ് പദ്ധതിയായി ‘പി.എം യുവ’ തുടങ്ങിയത്.

 നിസ്ബെഡിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷനും പരിശീലന ഏജൻസിയായ എക്സാത്തും സംയുക്തമായാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്.

 കമ്മ്യൂണിറ്റി തലത്തിലും സ്ഥാപനതലത്തിലുമായിട്ടായിരുന്നു പരിശീലനം.

 ഐ.ടി.ഐ., പോളിടെക്നിക് എന്നിവയിലുള്ള വിദ്യാർത്ഥികൾ സ്ഥാപനതലത്തിലും, സംരംഭം തുടങ്ങിയവരും തുടങ്ങാൻ താത്പര്യപ്പെടുന്നവരുമായ യുവാക്കൾ കമ്മ്യൂണിറ്റി തലത്തിലും പരിശീലനം നേടി.

 തുടർച്ചയായി 15 ദിവസം സംരംഭകത്വവികസന പരിപാടികൾ അടങ്ങുന്ന ബോധവത്കരണ പരിപാടികളായിരുന്നു നടന്നത്.  ബിസിനസ് ആശയങ്ങളും പദ്ധതിയും രൂപവത്കരിക്കുക, രജിസ്ട്രേഷനും ലൈസൻസും നേടുക എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു.

 സംരംഭം തുടങ്ങിയവർക്ക് സാമ്പത്തിക സഹായത്തിനുൾപ്പെടെ മാർഗനിർദ്ദേശങ്ങളും നൽകി.

 1887 പേരാണ് വിദ്യാർത്ഥികളും സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവരും ഉൾപ്പെടെ ആകെ പരിശീലനം പൂർത്തിയാക്കിയവർ.

 സഹായിക്കുമെന്ന് കുടുംബശ്രീ

നിസ്ബെഡിൽ നിന്ന് ഫണ്ട് ലഭിക്കാത്തുമൂലം പരിശീലനം നൽകിയ വകയിൽ ലക്ഷങ്ങൾ ചെലവായെന്നും തുടർസഹായങ്ങൾ തേടിവന്ന വിദ്യാർത്ഥികളെ ആവുംവിധം സ്വന്തം പരിശ്രമത്തിൽ സഹായിക്കുകയാണെന്നും കുടുംബശ്രീ അധികൃതരും എക്സാത്ത് അധികൃതരും വ്യക്തമാക്കുന്നു.

Advertisement
Advertisement