സർക്കാർ സ്കൂളിൽ നിന്ന് ആറ് കുഞ്ഞെഴുത്തുകാർ

Monday 17 June 2024 12:48 AM IST

കൊട്ടാരക്കര: ആറ് വിദ്യാർത്ഥി പ്രതിഭകളുടെ ആറ് പുസ്തകങ്ങൾ മലയാളത്തിന് സ്വന്തമാകുന്നു. പെരുംകുളം ഗവ. പി.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് കഥയും കവിതയും നോവലുമൊക്കെയായി ആറ് പുസ്തകങ്ങൾ എഴുതിയത്. ആറാം ക്ളാസുകാരി എസ്.ശിവനന്ദയുടെ 'കാത്തിരിപ്പ്', ഏഴാം ക്ളാസുകാരി ജോഹാൻ ബി.എബിസണിന്റെ 'അക്വേറിയത്തിലെ മീനുകൾ', പത്താം ക്ളാസുകാരായ സോന സോമന്റെ 'വെണ്ണിലാവിൻ തീരത്ത്', അബിയ സജിയുടെ 'കടലാസുതോണിയിലെ ബാല്യം' എന്നീ കവിതാ സമാഹാരങ്ങളും ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ ബി.എസ്.ദയാശങ്കറിന്റെ 'ഒരു മകന്റെ യാത്ര' എന്ന നോവലും എസ്.എസ്.ഗംഗോത്രിയുടെ 'ദൈവത്തിന്റെ സമ്മാനം' എന്ന കഥാസമാഹാരവുമാണ് പ്രകാശനത്തിന് തയ്യാറെടുക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനും സാഹിത്യകാരനുമായ അനിൽകുമാർ പവിത്രേശ്വരമാണ് അവതാരിക എഴുതിയിരിക്കുന്നത്. വായനാദിനമായ 19ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി പ്രകാശനം നിർവഹിക്കും. ഐക്യമലയാള പ്രസ്ഥാനം ജില്ലാ സെക്രട്ടറി അനിൽ വാസുദേവ് ഏറ്റുവാങ്ങും. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ് യോഗം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ജി.സുരേഷ് കുമാർ അദ്ധ്യക്ഷനാകും.

Advertisement
Advertisement