പോരാട്ട സ്മരണകളുണർത്തി ഓച്ചിറക്കളിക്ക് സമാപനം

Sunday 16 June 2024 11:52 PM IST

ഓച്ചിറ: രണ്ടുദിവസം നീണ്ടുനിന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അനുഷ്ഠാന കലയായ ഓച്ചിറക്കളി സമാപിച്ചു. ഇന്നലെ ഞായറാഴ്ച ദിവസമായിരുന്നതിനാൽ കനത്ത ഭക്തജന തിരക്കാണ് പടനിലത്ത് അനുഭവപ്പെട്ടത്. മഴമാറി നിന്ന അന്തരീക്ഷത്തിൽ ചൂടിനെ അവഗണിച്ച് രാവിലെ മുതൽ തന്നെ ഭക്തജനങ്ങൾ എട്ടുകണ്ടത്തിന് ചുറ്റും അണിനിരന്നിരുന്നു.

ആയോധന കലയുടെ മെയ് വഴക്കവും കരുത്തും സൗന്ദര്യവും ഭക്തജനങ്ങൾക്ക് പകർന്നു നൽകുന്നതിനായി നൂറ് കണക്കിന് യോദ്ധാക്കളാണ് ഇന്നലെ പടനിലത്ത് അണിനിരന്നത്. ഓച്ചിറക്കളി രണ്ടാം ദിവസമായ ഇന്നലെ അങ്കരിച്ച ഋഷഭ വീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും കരനാഥന്മാരുടെയും ഭരണസമിതി അംഗങ്ങളുടെയും കളിയാശാന്മാരുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ശേഷം യോദ്ധാക്കൾ പടനിലത്തിന് കിഴക്കും പടിഞ്ഞാറും കരകളിലായി നിലയുറപ്പിച്ചു. തുടർന്ന് നടന്ന കരകളിയിൽ ഒരു മാസക്കാലം കളരികളിൽ തങ്ങൾ അഭ്യസിച്ച അടവുകളും ചുവടുകളും ഭക്തജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

അങ്കച്ചുവടുകൾ ഉറപ്പിച്ച് വായ്ത്താരികൾ മുഴക്കി യോദ്ധാക്കൾ പരസ്പരം പ്രതീകാത്മകമായി ഏറ്റുമുട്ടി. എട്ടുകണ്ടത്തിലെയും തകിടി കണ്ടത്തിലെയും അഭ്യാസത്തിന് ശേഷം പരബ്രഹ്മത്തെ വണങ്ങി കല്ലുകെട്ട് ചിറയിൽ സ്നാനവും ഭരണസമിതി നൽകിയ സദ്യയും കഴിച്ച് അടുത്ത വർഷം വീണ്ടും കാണാമെന്ന് പറഞ്ഞ് യോദ്ധാക്കൾ യാത്ര പിരിഞ്ഞതോടെ ഈ വർഷത്തെ ഓച്ചിറക്കളിക്ക് സമാപനമായി. ഇനിയുള്ള മൂന്ന് ദിവസം ഭരണസമിതിയുടെ നേതൃത്വത്തിൽ പടനിലത്ത് കാർഷിക പ്രദർശനം നടക്കും.

Advertisement
Advertisement