ഗണേശ് കുമാറിനും അനുകൂല നിലപാട്,​ നിർണായക പ്രഖ്യാപനത്തിന് സർക്കാർ

Monday 17 June 2024 12:16 AM IST

തിരുവനന്തപുരം: റോഡ് സുരക്ഷയുടെ പേരിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിക്കുന്നു. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി (എസ്.ടി.എ) യോഗത്തിൽ തീരുമാനം ഉണ്ടാകും. ഒമ്പത് പേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. രാത്രികാഴ്ചയ്ക്ക് യോജ്യമായ നിറവും ഗ്രാഫിക്സുമായിരുന്നില്ല അപകടത്തിൽപെട്ട ബസിന്റേത്. ഭൂരിഭാഗം ബസുകളും ഇതേ അവസ്ഥയിലായിരുന്നു.


മറ്റു ഡ്രൈവർമാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾക്ക് മോട്ടോർവാഹനവകുപ്പ് നിർദേശിച്ചത്. എസ്.ടി.എ യോഗം നിർദേശം അംഗീകരിക്കുകയും ചെയ്തു. നേരത്തേ റൂട്ട് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയതിന്റെ ചുവട് പിടിച്ചാണ് ടൂറിസ്റ്റ് ബസുകൾക്കും കളർകോഡ് കൊണ്ടുവന്നത്. ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് എസ്.ടി.എ തീരുമാനം അംഗീകരിക്കുകയായിരുന്നു.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ അനധികൃത ലൈറ്റുകളും ശബ്ദസംവിധാനവും നീക്കുകയും ചെയ്തിരുന്നു.


നിയന്ത്രണങ്ങൾ ബസ് മേഖലയെ ബാധിക്കുന്നതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ ആരോപിച്ചിരുന്നു. എന്നാൽ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോർവാഹനവകുപ്പും ഇളവ് നിഷേധിച്ചു. എന്നാൽ മന്ത്രിമാറിയതോടെ മോട്ടോർവാഹവനകുപ്പിന്റെ നിലപാടും മാറി. ടൂറിസ്റ്റ് ബസുകൾക്ക് കളർ നൽകുന്നതിനെ മന്ത്രി ഗണേശ്കുമാർ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പ് മലക്കംമറിഞ്ഞത്. മോട്ടോർവാഹനവകുപ്പിന്റെ ശുപാർശയായി കളർമാറ്റവും എസ്.ടി.എ അജണ്ടയിൽ ഇടം പിടിച്ചു.


കളർമാറ്റം അനുവദിച്ചാലും പഴയപടി അതിരുവിട്ട ചിത്രവേലകൾ അനുവദിക്കില്ലെന്ന് അറിയുന്നു. മറ്റ് സംസ്ഥാനങ്ങളിലൊന്നും നിറത്തിന്റെ കാര്യത്തിൽ ഇത്ര കടുംപിടിത്തമില്ലെന്നും മാറ്റത്തിന് ബലമേകുന്നു.

Advertisement
Advertisement