ഇരുട്ടടിയിൽ ഇടറാതെ ഇറ്റലി

Monday 17 June 2024 12:25 AM IST

ഡോർട്ട്മുണ്ട് : മത്സരം തുടങ്ങി 23-ാം സെക്കൻഡിൽ സ്വന്തം വലയിൽ വീണ ഗോളിന്റെ ആഘാതത്തിൽ നിന്ന് ഉണർന്ന് കാൽമണിക്കൂറിനകം ഉയിർത്തെണീറ്റ് വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി. യൂറോ കപ്പ് ഗ്രൂപ്പ് ബിയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി ജയിച്ചത്.

ഡോർട്ട്മുണ്ടിൽ കിക്കോഫിന് തൊട്ടുപിന്നാലെ ഗോൾ കണ്ടെത്തുകയായിരുന്നു അൽബേനിയ. ഒരു ത്രോ ഇന്നിൽ നിന്ന് കിട്ടിയ ലൂസ് ബാൾ നെദിം ബജ്റമി ഇറ്റാലിയൻ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ ഗാലറിയിൽ നിറഞ്ഞിരുന്ന അൽബേനിയൻ ആരാധകർ വിജൃംഭിതരായി. എന്നാൽ പതിയെ ഇറ്റലി കളിയിലേക്ക് തിരിച്ചുവന്നു. രണ്ടാം മിനിട്ടിൽതന്നെ ഇറ്റലിയുടെ ഒരു ശ്രമം വലയ്ക്ക് പുറത്തേക്കുപോയി. 11-ാം മിനിട്ടിൽ ഒരു ഷോട്ട് കോർണറിൽ നിന്ന് പെല്ലെഗ്രിനി നൽകിയ ഷാർപ്പ് ക്രോസ് വലയിലേക്ക് ഹെഡ് ചെയ്തിട്ട് സമനില പിടിച്ചത്. അലസാൻഡ്രോ ബസ്തോണിയാണ്. 16-ാം മിനിട്ടിൽ നിക്കോളോ ബാറെല്ലയുടെ വകയായി രണ്ടാം ഗോളും പിറന്നു. ഇറ്റലിയുടെ ഡി മാർക്കോയുടെ ഒരു മുന്നേറ്റം അൽബേനിയൻ താരം അസാനി ക്ളിയർ ചെയ്യാൻ ശ്രമിച്ചത് കാലിലെത്തിയപ്പോൾ ബാറെല്ല ഈസിയായി ഫിനിഷ് ചെയ്യുകയായിരുന്നു.

പിന്നീട് ഇറ്റലി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ മത്സരം വിരസമായി. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയ്ക്ക് മുൻ നിര ടീമുകളായ സ്പെയ്നും ക്രൊയേഷ്യയും കൂടിചേരുന്ന ഗ്രൂപ്പ് ബിയിൽ ഈ പ്രകടനം കൊണ്ട് മുന്നോട്ടുപോകാൻ കഴിയുമോ എന്ന സംശയം ഉണരുകയും ചെയ്തു. മൂന്ന് പോയിന്റുമായി സ്പെയ്നാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇറ്റലി മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തും. വെള്ളിയാഴ്ച രാത്രി സ്പെയ്നിന് എതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. ക്രൊയേഷ്യ നാളെ അൽബേനിയയെ നേരിടുന്നുണ്ട്.

23

യൂറോ കപ്പിലെ ഏറ്റവും വേഗതയേറിയ ഗോളാണ് ഇറ്റലിക്കെതിരായ മത്സരത്തിന്റെ 23-ാം സെക്കൻഡിൽ അൽബേനിയയ്ക്ക് വേണ്ടി നദിം ബജ്റമിനേടിയത്.

10

യൂറോ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയുടെ തോൽവിയറിയാത്ത തുടർച്ചയായ പത്താം മത്സരമായിരുന്നു ഇത്.

ഇന്നത്തെ മത്സരങ്ങൾ

റൊമാനിയ Vs യുക്രെയ്ൻ

6.30 pm മുതൽ

ബെൽജിയം Vs സ്ളൊവാക്യ

9.30 pm മുതൽ

ആസ്ട്രിയ Vs ഫ്രാൻസ്

12.30 am മുതൽ

സോണി ടെൻ ചാനൽ ശൃംഖലയിലും സോണി ലിവിലും.

Advertisement
Advertisement