അടിച്ചു കയറി വന്ന സ്പെയ്ൻ

Monday 17 June 2024 12:27 AM IST

സ്പെയ്ൻ 3- ക്രൊയേഷ്യ 0

ബെർലിൻ : വെറുതെ പന്ത് കയ്യടക്കി വച്ച് പാസ് ചെയ്യുന്നതിലല്ല ഗോളടിക്കുന്നതിലാണ് ഫുട്ബാളിന്റെ സൗന്ദര്യമെന്ന് ക്രൊയേഷ്യക്കാരെ പഠിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സ്പെയ്ൻ. പതിവിന് വിപരീതമായി പന്തടക്കത്തിലും പാസിംഗിലും ഷോട്ടുകളിലും പിന്നിലായിപ്പോയെങ്കിലും ഗോളടിച്ചത് സ്പെയ്ൻ മാത്രമാണ്; അതും മൂന്നെണ്ണം. ആദ്യ പകുതിയിൽ തന്നെയായിരുന്നു സ്പാനിഷ് പടയുടെ മൂന്ന് ഗോളുകളും.

29-ാം മിനിട്ടിൽ ആൽവാരോ മൊറാട്ടയുടെ തകർപ്പൻ ഗോളിലൂടെയാണ് സ്പെയ്ൻ തുടങ്ങിയത്. 29-ാം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ഫാബിയൻ റൂയിസിന്റെ പാസുമായി ഒറ്റയ്ക്ക് മുന്നേറിയാണ് മൊറാട്ട തകർപ്പൻ ഗോളടിച്ചത്. മൂന്ന് മിനിട്ടിനകം റൂയിസിന്റെ വക ഗോൾ പിറന്നു. പെഡ്രിയാണ് അസിസ്റ്റ് ചെയ്തത്. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഡാനി കർവഹായലിന്റെ വക ഗോളും പിറന്നു. കൗമാര താരം യമാലിന്റെ തളികയിലെന്ന പോലുള്ള ക്രോസിന് ഓട്ടത്തിനിടെ കാൽവച്ചാണ് കവർഹായൽ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയത്.

ക്രൊയേഷ്യയെ വലച്ചത്

1. സ്പെയ്നിൽ നിന്ന് ഇത്തരത്തിലുള്ള ഒരു ആക്രമണം ക്രൊയേഷ്യക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ ശരീര ഭാഷ.

2. ലൂക്കാ മൊഡ്രിച്ച് അടക്കമുള്ള മദ്ധ്യനിരയ്ക്ക് പ്രായമേറിയത് അരുടെ നീക്കങ്ങളിൽ പ്രതിഫലിച്ചിരുന്നു. ലൂക്കയെ രണ്ടാം പകുതിയിൽ പിൻവലിക്കേണ്ടിയും വന്നു.

3. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിലും തിരിച്ചടിക്കാൻ കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞില്ല.

16

യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയ്നിന്റെ ലാമിൻ യമാൽ. മത്സരത്തിൽ ഒരു ഗോളിന് അവസരമൊരുക്കുകയും മികച്ച നിരവധി മുന്നേറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തു ഈ 16കാരൻ. കഴിഞ്ഞ വർഷം ബാഴ്സയ്ക്ക് വേണ്ടി അരങ്ങേറിയ വിംഗറായ യമാൽ 38 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും നേടിയിരുന്നു.

Advertisement
Advertisement