അരങ്ങേറ്റം ആശാവഹം

Monday 17 June 2024 12:30 AM IST

ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 143 റൺസിന് തോൽപ്പിച്ച് ഇന്ത്യ

ആശയ്ക്ക് ഏകദിന അരങ്ങേറ്റത്തിൽ നാലുവിക്കറ്റ്, സ്മൃതി മാൻഥനയ്ക്ക് സെഞ്ച്വറി(117)

ബെംഗളുരു : ഏകദിന ഫോർമാറ്റിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ മലയാളി ലെഗ് സ്പിന്നർ ആശ.എസ്.ജോയ് നാലുവിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 143 റൺസിന്റെ കൂറ്റൻ വിജയം.

ഇന്നലെ ബെംഗളുരുവിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സെഞ്ച്വറി നേടിയ സ്മൃതി മാൻഥനയുടെ(117) മികവിൽ നിശ്ചിത 50 ഓവറിൽ 265/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 37.4 ഓവറിൽ 122 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സ്മൃതി 127 പന്തുകളിൽ 12 ബൗണ്ടറികളും ഒരുസിക്സും പറത്തി. സ്മൃതിയെ പിന്തുണയ്ക്കാൻ മുൻ നിര ബാറ്റർമാരായ ഷെഫാലി വെർമ്മ (7), ഹേമലത(12), ഹർമൻ പ്രീത് (10),ജമീമ(17), റിച്ച (3) എന്നിവർക്ക് കഴിഞ്ഞില്ല. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന സ്മൃതി മറുവശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു. ഏഴാം വിക്കറ്റിൽ ദീപ്തി ശർമ്മ(37)യ്ക്കൊപ്പം 58 റൺസ് കൂട്ടിച്ചേർത്ത് 47-ാം ഓവറിൽ ടീം സ്കോർ 238ലെത്തിച്ചാണ് സ്മൃതി പുറത്തായത്. 31റൺസുമായി പുറത്താകാതെ നിന്ന പൂജ വസ്ത്രാകർ അവസാന ഓവറുകളിൽ സ്കോർ ഉയർത്തി.

ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം ആശ എസ്.ജോയ് അഞ്ചുപന്തിൽ ഒരു ഫോറടക്കം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ബൗളിംഗിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ഓരോ വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും പൂജ വസ്ത്രാകറും രാധാ യാദവും ചേർന്ന് ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്തപ്പോൾ 8.4 ഓവറിൽ രണ്ട് മെയ്ഡനടക്കം 21 റൺസ് വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ ആശ വാലറ്റത്തെ ചുരുട്ടുകയായിരുന്നു. മരിസാനെ കാപ്പ് (24)ആയിരുന്നു ആശയുടെ ആദ്യ അന്താരാഷ്ട്ര ഇര. മസബത്ത ക്ളാസ്(1),മാൽബ(0), ഖാക(0) എന്നിവരെ ഏഴുപന്തുകൾക്കിടയിലാണ് ആശ മടക്കി അയച്ചത്.

Advertisement
Advertisement