ഇംഗ്ളണ്ടിനെയും കൂട്ടി ഓസീസ് സൂപ്പർ എട്ടിൽ

Monday 17 June 2024 12:32 AM IST

സ്കോട്ട്‌ലാൻഡിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഓസീസ്

നമീബിയയെ 41 റൺസിന് കീഴടക്കി ഇംഗ്ളണ്ട്

ഗ്രോ ഐലെറ്റ് : ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെ ആവേശപ്പോരാട്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കവേ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച ഓസ്ട്രേലിയ തങ്ങൾക്കൊപ്പം ഇംഗ്ളണ്ടിനെയും സൂപ്പർ എട്ടിലേക്ക് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിന് നമീബിയയെ തോൽപ്പിച്ച ഇംഗ്ളണ്ട് റൺറേറ്റിന്റെ മികവിലാണ് ഗ്രൂപ്പിലെ രണ്ടാമന്മാരായി സൂപ്പർ എട്ടിലെത്തിയത്. ഇംഗ്ളണ്ടിനൊപ്പം അഞ്ചുപോയിന്റ് നേടിയിട്ടും സ്കോട്ട്‌ലാൻഡ് പുറത്തായി.

നോർത്ത് സൗണ്ടിൽ സ്കോട്ട്‌ലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് എട്ടോവറിൽ 82/3 എന്ന സ്കോറിലെത്തിയപ്പോൾ മഴ തടസവുമായെത്തി. തുടർന്ന് പത്തോവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ളണ്ട് 122/5 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ നമീബിയയ്ക്ക് പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസേ നേ‌ടാനായുള്ളൂ. 20 പന്തുകളിൽ 47 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ളണ്ട് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ബെയർസ്റ്റോ 18 പന്തുകളിൽ 33 റൺസ് നേടി.

പിന്നാലെ ഗ്രോ ഐലറ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്‌ലാൻഡ് നിശ്ചിത 20 ഓവറിൽ 180/5 എന്ന സ്കോർ ഉയർത്തിയപ്പോൾ സമ്മർദ്ദത്തിലായത് ഇംഗ്ളണ്ടാണ്. പക്ഷേ നേരത്തേ സൂപ്പർ എട്ട് ഉറപ്പിച്ചിരുന്ന ഓസീസ് 19.4 ഓവറിൽ 186/5ലെത്തിയതോടെ സ്കോട്ട്‌ലാൻഡിന്റെ പ്രതീക്ഷകൾക്ക് കർട്ടൻ വീഴുകയും ഇംഗ്ളണ്ടിന് സൂപ്പർ എട്ടിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്തു. ബ്രാൻഡൻ മക്മുല്ലെൻ(60), റിച്ചി ബെറിംഗ്ടൺ (42*), ജോർജ് മുൻസി (35) എന്നിവരുടെ മികവിലാണ് സ്കോട്ട്‌ലാൻഡ് 180ലെത്തിയത്. ഓസീസിന് വേണ്ടി ട്രാവിസ് ഹെഡ് (68), മാർക്കസ് സ്റ്റോയ്നിസ് (59), ടിം ഡേവിഡ് (24*) എന്നിവരാണ് ഓസീസിന്റെ ചേസിംഗിന് ചുക്കാൻ പിടിച്ചത്. ടിം സിക്സടിച്ചാണ് ഓസീസ് വിജയം ആഘോഷിച്ചത്.29 പന്തുകളിൽ ഒൻപത് ഫോറുകളും രണ്ട് സിക്സുകളുമടക്കം നേടിയ 59 റൺസുമായി ഓസീസിന്റെ റൺറേറ്റ് താഴാതെ മുന്നോട്ടുകൊണ്ടുപോയ സ്റ്റോ‌യ്നിസാണ് മാൻ ഒഫ് ദ മാച്ച്.

ഇന്നത്തെ മത്സരങ്ങൾ

ബംഗ്ളാദേശ് Vs നേപ്പാൾ

5 am മുതൽ

നെതർലാൻഡ്സ് Vs ശ്രീലങ്ക

6 am മുതൽ

ന്യൂസിലാൻഡ് Vs പാപ്പുവ ന്യൂഗിനിയ

8 pm മുതൽ

സ്റ്റാർ സ്പോർട്സിലും ഹോട്ട്‌സ്റ്റാറിലും ലൈവ്

Advertisement
Advertisement