പോളണ്ടിൽ വീഴാതെ ഹോളണ്ട്
ഹാംബർഗ് : സമനിലയിലേക്കുനീങ്ങുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ 83-ാം മിനിട്ടിൽ പകരക്കാരനായിറങ്ങിയ വൗട്ട് വെഗോസ്റ്റ് നേടിയ ഗോളിന് പോളണ്ടിനെ കീഴടക്കി ഹോളണ്ട് യൂറോ കപ്പിൽ വിജയത്തുടക്കമിട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1ന് സമനിലയിലായിരുന്നു.
പരിക്കേറ്റ നായകനും സൂപ്പർ താരവുമായ റോബർട്ട് ലെവൻഡോവ്‌സ്കിയെക്കൂടാതെ ഇറങ്ങിയ പോളണ്ടാണ് ആദ്യം വലകുലുക്കിയത്. 16-ാം മിനിട്ടിൽ ആദം ബുസ്കയിലൂടെ അവർ മുന്നിലെത്തി. എന്നാൽ 29-ാം മിനിട്ടിൽ കോഡി ഗാപ്കോ സമനില പിടിച്ചു. പിന്നീട് ഇരുവശത്തും നിരവധി മുന്നേറ്റങ്ങൾ കണ്ടെങ്കിലും 83-ാം മിനിട്ടിൽ വെഗോസ്റ്റിന്റെ ഗോൾ പിറക്കുന്നതുവരെ സമനിലയിൽ തുടർന്നു.
പന്തടക്കത്തിലും പാസിംഗിലും ഷോട്ടുകളിലും മുന്നിൽ നിന്ന ഹോളണ്ടിനെതിരെ ആക്രമണങ്ങൾ നടത്താൻ പോളണ്ട് ശരിക്കും ബുദ്ധിമുട്ടിയിരുന്നു. 21ഷോട്ടുകളാണ് ഓറഞ്ചുപട മത്സരത്തിലാകെ തൊടുത്തത്. പക്ഷേ ഇതിൽ നാലെണ്ണം മാത്രമേ ലക്ഷ്യത്തിന് നേരേ ആയിരുന്നുള്ളൂ. അതേസമയം പോളണ്ട് ഉതിർത്ത12 ഷോട്ടുകളിൽ ഏഴും ഗോൾമുഖത്തേക്കായിരുന്നു.
ഈ വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്റുമായി ഹോളണ്ട് ഒന്നാമതെത്തി.പോളണ്ട് നാലാമതായി. വെള്ളിയാഴ്ച ആസ്ട്രിയയ്ക്ക്
എതിരെയാണ് പോളണ്ടിന്റെ അടുത്ത മത്സരം. ശനിയാഴ്ച രാത്രി ഹോളണ്ട് ഫ്രാൻസിനെ നേരിടും.
ഈ യൂറോകപ്പിൽ ആദ്യം ഗോൾ വഴങ്ങിയിട്ടും ജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഹോളണ്ട്.
ഗോളുകൾ ഇങ്ങനെ
0-1
16-ാം മിനിട്ട്
ആദം ബുസ്ക
ഇടത് വശത്തുനിന്ന് ഒരു കോർണഅ കിക്കിൽ നിന്ന് സെയിലിൻസ്കി നൽകിയ ഒരു ക്രോസ് ഡുംഫ്രീസിന്റെ മുകളിലേക്ക് ചാടിയുയർന്ന് ആദം ബുസ്ക വലയിലേക്ക് ചെത്തിയിടുകയായിരുന്നു.
1-1
29-ാം മിനിട്ട്
കോഡി ഗാപ്കോ
അകേയിൽ നിന്ന് കിട്ടിയ പന്തുമായി ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗാപ്കോയുടെ ഷോട്ട് പോളിഷ് ഡിഫൻഡർ ശലമോന്റെ കാലിൽ തട്ടിത്തിരിഞ്ഞാണ് വലയിലേക്ക് കയറിയത്.
2-1
81-ാം മിനിട്ട്
വൗട്ട് വെഗോസ്റ്റ്
പകരക്കാരനായിറങ്ങി രണ്ട് മിനിട്ടിനകം വെഗോസ്റ്റ് സ്കോർ ചെയ്തു. അകേയുടെ ഒരു ഷോട്ട് പോളിഷ് ഡിഫൻഡറുടെ കാലിൽതട്ടി തിരിഞ്ഞുവന്നത് പിടിച്ചെടുത്തായിരുന്നു വെഗസ്റ്റിന്റെ സ്കോറിംഗ്.