ടു വീലർ വിപണിയിൽ ഹീറോയ്ക്ക് അടിതെറ്റുന്നു

Monday 17 June 2024 12:35 AM IST

വില്പനയിൽ പാളിച്ചയോടെ ഹീറോ മോട്ടോഴ്സ്

രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ കഴിഞ്ഞ മാസവും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിപണി വിഹിതം കുറഞ്ഞ് ഹീറോ മോട്ടോഴ്സ്. മുൻവർഷത്തേക്കാൾ വില്പനയിൽ ഇടിവുണ്ടെങ്കിലും ഇന്ത്യയിലെ പ്രധാന ഇരുചക്ര വാഹന ബ്രാൻഡെന്ന പദവി ഇപ്പോഴും ഹീറോയ്ക്ക് സ്വന്തം. കഴിഞ്ഞ മാസം 4.8 ലക്ഷം വാഹനങ്ങളാണ് ഹീറോ ഇന്ത്യയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 5.8 ലക്ഷം വാഹനങ്ങളുടെ വില്പന ഹീറോ നേടിയിരുന്നു. മേയിൽ രാജ്യത്തെ മൊത്തം ഇരുചക്ര വാഹന വിപണിയിൽ ഹീറോയ്ക്ക് 31.02 വിപണി വിഹിതമാണുള്ളത്.

മികച്ച വളർച്ചയോടെ ഹോണ്ട മോട്ടോർസൈക്കിൾ

രാജ്യത്ത് ഇരുചക്ര വാഹന വിപണിയിൽ സ്വപ്‌ന സമാനമായ വളർച്ച നേടുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. മേയ് മാസത്തിൽ ചരിത്ര വില്പന വർദ്ധനയാണ് ഹോണ്ട മോട്ടോർ സൈക്കിൾ നേടിയത്. മേയിലെ സ്കൂട്ടർ വില്പന കഴിഞ്ഞ വർഷം 3.11 ലക്ഷമായിരുന്നതിൽ നിന്ന് 44.82 ശതമാനം വർദ്ധനയോടെ 4.51 ലക്ഷം യൂണിറ്റുകളാക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു. ഇതോടൊപ്പം വിപണി വിഹിതം 29.15 ശതമാനമായി ഉയർത്താനും ഹോണ്ടയ്ക്ക് കഴിഞ്ഞു.

വില്പനയിൽ മികവുമായി ടി.വി.എസ് മോട്ടോഴ്സ്

കഴിഞ്ഞ മാസം പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോഴ്സ് വില്പനയിൽ 7.3 ശതമാനം വളർച്ചയാണ് നേടിയത്. മേയിലെ ടി.വി.എസിന്റെ ടു വീലർ വില്പന 2.71 ലക്ഷം യൂണിറ്റുകളായി ഉയർന്നു. മുൻവർഷം മേയിൽ 2.52 ലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

ആഭ്യന്തര വില്പന കുറയുന്നു

ഹീറോ, ഹോണ്ട, ടി.വി.എസ്, ബജാജ് എന്നിവയുടെയെല്ലാം ആഭ്യന്തര ടു വീലർ വില്പന മേയ് മാസത്തിൽ താഴേക്ക് നീങ്ങി. സുസുക്കി മാത്രമാണ് കഴിഞ്ഞ മാസം വില്പന മെച്ചപ്പെടുത്തിയത്. വൈദ്യുത വാഹനങ്ങളുടെ വില്പനയിലെ ഉണർവാണ് കമ്പനികൾക്ക് തിരിച്ചടി സൃഷ്ടിച്ചത്.

Advertisement
Advertisement