പോരാളി ഷാജി സി.പി.എം നേതാവിന്റെ ഏർപ്പാട്: വി.ഡി.സതീശൻ

Monday 17 June 2024 12:41 AM IST

കൊച്ചി:പോരാളി ഷാജി പ്രധാനപ്പെട്ട സി.പി.എം നേതാവിന്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചെങ്കതിരും പൊൻകതിരും മറ്റു രണ്ടു പേരുടേതാണ്. അവർ തമ്മിൽ പോരാടാൻ തുടങ്ങി. നേരത്തെ പ്രതിപക്ഷത്തെ അപമാനിച്ചിരുന്നവർ ഇപ്പോൾ തമ്മിലടിക്കുകയാണെന്നും .അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചേലക്കര, പാലക്കാട് ഉപ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് യു.ഡി.എഫായിരിക്കും.. സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. രണ്ടു സീറ്റുകളിലെയും സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കോൺഗ്രസിന്

അതി​ന്റെ രീതിയുണ്ട്.

വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകും. എം.വി ഗോവിന്ദനും പിണറായി വിജയനും ഇരു ധ്രുവങ്ങളിൽ നിന്നാണ് സംസാരിച്ചത്. സർക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാർട്ടി ഗ്രാമങ്ങളിലും വോട്ടുകൾ അടപടലം ഒഴുകിപ്പോയി. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിലും ആരംഭിച്ചു. ബംഗാളിൽ കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് മൂന്നു വർഷമായി കേരളത്തിലും നടക്കുന്നത്.ഇന്ധനത്തിന് കേരളത്തിലുള്ള അത്രയും നികുതി കർണാടകത്തിലില്ല. നികുതി കൂട്ടിയാൽ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാനനഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതിപ്പോൾ കേരളത്തിൽ യാഥാർത്ഥ്യമായെന്ന് സതീശൻ പറഞ്ഞു.

Advertisement
Advertisement