നിവേദനങ്ങൾ വരേണ്ടത് പാർട്ടി സംവിധാനം വഴി: സുരേഷ് ഗോപി

Monday 17 June 2024 12:49 AM IST

തിരുവനന്തപുരം: നിവേദനങ്ങൾ താൻ നേരിട്ട് സ്വീകരിക്കില്ലെന്നും പാർട്ടിയിലെ അതത് ജില്ലാ പ്രസിഡന്റുമാർ ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബി.ജെ.പി ആസ്ഥാനത്ത് സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി സംവിധാനം വഴിയാണ് നിവേദനങ്ങൾ വരേണ്ടത്. അവ പരിശോധിച്ച് ആവശ്യമായവ യഥാസമയം ലഭ്യമാക്കണം. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പ്രസിഡന്റുമാർക്കും നിർദ്ദേശം നൽകണം. ജില്ലാ കമ്മിറ്റി ഓഫീസുകളിൽ രജിസ്റ്റർ സൂക്ഷിക്കണം. നിവേദനം തരുന്ന ആളിന്റെ പേര്, ദിവസം, ആര് കൈപ്പറ്റുന്നു, എപ്പോൾ തനിക്ക് കൈമാറി, തീരുമാനം എന്തായി എന്നത് ഉൾപ്പെടെ അതിലുണ്ടാകണം.

സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, നേതാക്കളായ വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, ജെ.ആർ.പത്മകുമാർ, എസ്.സുരേഷ്, കരമന ജയൻ, സി.ശിവൻകുട്ടി, ചെങ്കൽ രാജശേഖരൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Advertisement
Advertisement