മുരളീധരനോട് മാപ്പപേക്ഷിച്ച് തൃശൂരിൽ ഫ്‌ളക്‌സ്

Monday 17 June 2024 12:56 AM IST
ഡി.സി.സി ഓഫീസിന് മുന്നിൽ ഉയർത്തിയ ഫ്‌ളക്‌സ്

തൃശൂർ : തൃശൂരിലെ തോൽവിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.മുരളീധരനോട് മാപ്പപേക്ഷിച്ച് ഫ്‌ളക്‌സ് ബോർഡ്. "വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ചതിയുടെ പത്മവ്യൂഹത്തിൽപെട്ട് യുദ്ധഭൂമിയിൽ പിടഞ്ഞുവീണ മുരളീയേട്ടാ മാപ്പ്, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളും ഇല്ല" തുടങ്ങിയ വാചകങ്ങളാണ് ഫ്‌ളക്‌സിലുള്ളത്.

തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഡി.സി.സി ഓഫീസിന്റെ വഴിയിൽ ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിന്റെ രാജിയെ തുടർന്ന് താത്കാലിക പ്രസിഡന്റായി വി.കെ.ശ്രീകണ്ഠൻ ചുമതലയേൽക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ.

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തൃശൂരിൽ കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ്. പോസ്റ്റർ യുദ്ധത്തിന് പുറമേ, കുത്തിയിരിപ്പ് സമരവും സസ്‌പെൻഷൻ നടപടികളും കൂടിയായതോടെ ഏറെ പ്രതിസന്ധി നിലനിൽക്കുകയാണ്.