സുരേഷ് ഗോപി മനസുവച്ചാൽ കൊല്ലം നഗരത്തിലെ കണ്ണായ സ്ഥലത്ത് കൂറ്റൻ ഐ ടി പാർക്ക് ഉയരും,​ വരുന്നത് വൻ തൊഴിലവസരം

Monday 17 June 2024 1:20 AM IST

കൊല്ലം: കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കൂറ്രൻ ഐ.ടി പാർക്ക് സ്ഥാപിക്കാൻ പാർവതി മിൽ സ്ഥിതി ചെയ്യുന്ന ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോടും നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷനോടും ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ടി.ഐ.എൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.

കൊല്ലം നഗരപരിധിയിൽ കൂറ്റൻ ഐ.ടി പാർക്കിനായി വേഗത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ഭൂമി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തെ മേവറത്തെ സ്വകാര്യ ഭൂമി വാങ്ങാൻ കെ.എസ്.ഐ.ടി.ഐ.എൽ ആലോചിച്ചിരുന്നു. ഈ ഭൂമി സംബന്ധിച്ച റിപ്പോർട്ടും റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ സ്ഥലം വിട്ടുനൽകാൻ ഉടമ തയ്യാറല്ല. ഏറ്റെടുക്കൽ നടപടികളിലേക്ക് പോയാലും ഏറെ കാലതാമസം നേരിടും. ഈ സാഹചര്യത്തിലാണ് കൊല്ലം നഗരഹൃദയത്തിൽ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന പാർവതി മിൽ ഭൂമിയിലേക്ക് ആലോചനയെത്തിയത്.

ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കൂറ്റൻ ഐ.ടി പാർക്ക് നഗരപരിധിക്ക് പുറത്ത് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദ്ദേശ പ്രകാരമാണ് കൊല്ലം നഗരത്തിൽ തന്നെ ഭൂമി തെരഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ഐ.ടി സംരംഭകർ ഉറപ്പായും എത്താൻ സാദ്ധ്യതയുള്ള സ്ഥലമാണ് ലക്ഷ്യം.

സ്ഥലം ആവശ്യപ്പെടാൻ ശുപാർശ

 കേന്ദ്ര സർക്കാരിനോട് സ്ഥലം ആവശ്യപ്പെടാൻ കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ ശുപാ‌ർശ

 നഗരത്തിലൊരുങ്ങിയാൽ കൂടുതൽ സംരംഭകരെ ആകർഷിക്കും

 1884ൽ ജയിംസ് ഡെറാഗ് എന്ന ബ്രിട്ടീഷുകാരനാണ് മിൽ സ്ഥാപിച്ചത്
 ഡെറാഗ്സ് ആൻഡ് മിൽസ് എന്ന് ആദ്യ പേര്
 ആവി എൻജിൻ ഉപയോഗിച്ച് 25000 റാട്ടുകൾ പ്രവർത്തിച്ചിരുന്നു
 1957ൽ തമിഴ്നാട് സ്വദേശി ഏറ്റെടുത്ത് പാർവതി മില്ലെന്ന് പേരിട്ടു
 1974ൽ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന് കൈമാറി
 സ്വകാര്യവത്കരിക്കാനുള്ള ശ്രമം കോടതി കയറി പ്രവർത്തനം സ്തംഭിച്ചു
 കോടികളുടെ യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു
 ജീവനക്കാരിൽ വലിയൊരു വിഭാഗം സ്വയം വിരമിച്ചു

വിസ്തൃതി - 16.4 ഏക്കർ

ഐ.ടി കോറിഡോർ

 കഴക്കൂട്ടം ടെക്നോപാർക്ക് ഫെയ്സ് 3- കൊല്ലം
 ചേർത്തല- എറണാകുളം
 എറണാകുളം- കൊരട്ടി
 കോഴിക്കോട്- കണ്ണൂർ

ജില്ലയിൽ
 ഒരു കൂറ്റൻ ഐ.ടി പാർക്ക്

 അഞ്ച് മിനി ഐ.ടി പാർക്ക്

Advertisement
Advertisement