'കാഫിർ' പോസ്റ്റ് മുക്കി കെ.കെ.ലതിക: അറസ്റ്റ് ആവശ്യപ്പെട്ട് യു.ഡി.എഫ്

Monday 17 June 2024 1:23 AM IST

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വടകരയിൽ വ്യാപകമായി പ്രചരിച്ച " കാഫിർ" സ്ക്രീൻ ഷോട്ട് മുസ്ലിം ലീഗ് പ്രവർത്തകന്റേതല്ലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തു വന്നതോടെ, മുഖം രക്ഷിക്കാൻ ഫേസ്ബുക്ക് പോസ്റ്റ് മുക്കി മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ. ലതിക. യു.ഡി.എഫ് ആരോപണം കടുപ്പിച്ചതോടെ ഫെയ്സ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യ കൂടിയായ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫും ആർ.എം.പിയും ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടി മുഹമ്മദ് ഖാസിം ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ ഖാസിമിനെതിരെ പ്രഥദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

സ്‌ക്രീൻഷോട്ട് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ഇടത് അനുകൂല പേജുകളെ കുറിച്ച് ഫേസ് ബുക്കിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കെ.കെ.ലതികയുൾപ്പടെ 12 പേരെയാണ് ചോദ്യം ചെയ്തത്. വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി ഫെയ്സ്ബുക് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നോഡൽ ഓഫിസറെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും സി.പി.എം കേന്ദ്രങ്ങളാണെന്നാണ് യു.ഡി.എഫ് ആരോപണം.

കെ.കെ.ലതികയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും പോസ്റ്റ് പിൻവലിച്ചതു

കൊണ്ട് പ്രശ്നം തീരില്ലെന്നും ആർ.എം.പി.ഐ നേതാവ് കെ.കെ.രമ എം.എൽ.എ പറഞ്ഞു. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ്കെ. പ്രവീൺകുമാറും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് അധികാരികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷമേ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കൂവെന്നാണ് പൊലീസ് നിലപാട്.

Advertisement
Advertisement