വാർഡ് വിഭജനം: കമ്മിഷൻ രൂപീകരിച്ചു

Monday 17 June 2024 1:39 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ കൂട്ടാനുള്ള ബിൽ ഗവർണർ അംഗീകരിച്ചതോടെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ. സെക്രട്ടറി തലത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

ഐ.ടി പരിസ്ഥിതി വകുപ്പു സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കൽ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, വ്യവസായ സെക്രട്ടറി എസ്. ഹരികിഷോർ, ഗതാഗത സെക്രട്ടറി കെ. വാസുകി എന്നിവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, തദ്ദേശ സെക്രട്ടറിയില്ല. വാർഡ് പുനർവിഭജന നടപടികൾക്ക് ഇനി തുടക്കമാവും.

ഹജനസംഖ്യാനുപാതികമായി ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വാർഡ് വീതമാണു വർദ്ധിപ്പിക്കുക. ഗ്രാമപഞ്ചായത്തുകളിലെ ചുരുങ്ങിയ വാർഡുകളുടെ എണ്ണം 13 ൽ നിന്ന് 14 ആയും ഉയർന്ന വാർഡുകളുള്ള സ്ഥാപനങ്ങളിൽ 23 ൽ നിന്ന് 24 ആയും ഉയരും. ഒന്നാം ഘട്ടത്തിൽ വാർഡ് വിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ കമ്മിഷൻ ഉടൻ പുറത്തിറക്കും. രണ്ടാംഘട്ടമായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ 2011ലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പുതിയ വാർഡുകൾ രൂപകരിച്ചും മറ്റു വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചും കരട് ഭൂപടം തയാറാക്കും.ഇതു ജില്ലാതല ഉദ്യോഗസ്ഥർക്കും കമ്മിഷനും സമർപ്പിക്കും. തുടർന്ന് പ്രസിദ്ധീകരിക്കും. മൂന്നാംഘട്ടത്തിൽ കമ്മിഷനും ജില്ലാ കളക്ടറും വിഭജനം സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇത് അന്വേഷിക്കാൻ ജില്ലതല ഉദ്യോഗസ്ഥരെ നിയോഗിക്കും.ആവശ്യമെങ്കിൽ കമ്മിഷൻ സ്ഥലപരിശോധനയും നടത്തും. തുടർന്ന് അന്തിമ വാർഡ് വിഭജന റിപ്പോർട്ട് പ്രസിദ്ധീകരിക്കും.